അമേരിക്കക്ക് പിറകെ ഗ്വാട്ടിമാലയും ജറുസലേമില്‍ എംബസി തുറന്നു

Posted on: May 16, 2018 3:48 pm | Last updated: May 16, 2018 at 4:23 pm

ജറുസലേം: അമേരിക്കയുടെ എംബസി ജറുസലേമില്‍ പ്രവര്‍ത്തനം തുടങ്ങി രണ്ട് നാള്‍ക്കകം ഗ്വാട്ടിമാലായും ജറുസലേമില്‍ തങ്ങളുടെ എംബസി തുറന്നു. അമേരിക്ക തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റിയനടപടി അന്താരാഷ്ട്രതലത്തില്‍ത്തന്നെ അപലപിക്കപ്പെടുമ്പോഴാണ് ഗ്വാട്ടിമാലയും ജറുസലേമില്‍ എംബസി തുറന്നത്.

ജറുസലേമിലെ യു എസ് എംബസിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച നിരവധി ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നിരുന്നു.

പടിഞ്ഞാറന്‍ ജറുസലേമിലെ ഓഫീസ് കോംപ്ലക്‌സില്‍ ഗ്വാട്ടിമാല എംബസിയുടെ പ്രവര്‍ത്തനോദ്ഘടാനത്തിന് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറേല്‍സും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സന്നിഹിതരായിരുന്നു. യു എസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച ഏക രാജ്യമാണ് ഗ്വാട്ടിമാല.