നാടകാന്തം യദിയൂരപ്പക്ക് ക്ഷണം; സത്യപ്രതിജ്ഞ നാളെ, കോണ്‍ഗ്രസ് കോടതിയിലേക്ക്

Posted on: May 16, 2018 3:19 pm | Last updated: May 17, 2018 at 6:27 am

ബംഗളൂരു:രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ ബിജെപി മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. ബി എസ് യദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തീരുമാനം. 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയോട് നിയമോപദേശം തേടിയാണ് ഗവര്‍ണര്‍ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്.

നേരത്തെ രാവിലെ 9.30ന് യദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വക്താവ് സുരേഷ്‌കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് ട്വീറ്റ് ചെയ്തത് വിവാദമായതോടെ സുരേഷ്‌കുമാര്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

രാവിലെ ഗവര്‍ണര്‍ വാജിഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ബിജെപി നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പ ഉന്നയിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് യെദിയൂരപ്പക്ക് ഗവര്‍ണര്‍ മറുപടി നല്‍കിയത്.

ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുന്നതാണ് സാധാരണയായി തുടര്‍ന്നുവരുന്ന കീഴ് വഴക്കം. മാത്രമല്ല, ഗവര്‍ണര്‍ വാജിഭായി വാല പഴയ ബിജെപി നേതാവും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ് എന്നത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം, ഭൂരിപക്ഷമുള്ള സഖ്യമെന്ന നിലയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ അറിയിച്ചു.  മനു അഭിഷേക് സിംഗ് വി കോണ്‍ഗ്രസിനായി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ യദിയൂപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി സുപ്രീ‌ം കോടതി ചീഫ് ജസ്റ്റിസിനെ കാണാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.