Connect with us

Ongoing News

തട്ടകം കൈവിട്ടെങ്കിലും ബദാമി തുണച്ചു

Published

|

Last Updated

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ പഴയ തട്ടകമായ ചാമുണ്ഡേശ്വരി കൈവിട്ടത് ഞെട്ടലുണ്ടാക്കിയെങ്കിലും ഉത്തര കര്‍ണാടകയിലെ ബദാമി മണ്ഡലം തുണച്ചത് ആശ്വാസമായി. ബദാമിയിലും പരാജയമായിരുന്നു ഫലമെങ്കില്‍ സിദ്ധരാമയ്യക്ക് ഇത്തവണ നിയമസഭ കാണാന്‍ കഴിയാതെ വരുമായിരുന്നു. സിറ്റിംഗ് എം എല്‍ എയായ ജനതാദള്‍- എസിലെ ജി ടി ദേവഗൗഡയാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ അടിയറവ് പറയിപ്പിച്ചത്. സുരക്ഷിതമല്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും ചാമുണ്ഡേശ്വരിയില്‍ മാത്രം മത്സരിക്കാന്‍ നിശ്ചയിച്ച സിദ്ധരാമയ്യ, ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ബദാമിയില്‍ കൂടി മത്സരിക്കാന്‍ തയ്യാറായത്.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് ബദാമി മണ്ഡലം. കോണ്‍ഗ്രസിനെതിരെ വൊക്കലിഗ സമുദായം ശക്തിയാര്‍ജിച്ചതാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ പരാജയത്തിനിടയാക്കിയത്. 1983 മുതല്‍ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് ഏഴ് തവണ മത്സരിച്ചതില്‍ അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. 2006ല്‍ ജനതാദള്‍ എസ്- ബി ജെ പി സഖ്യത്തെ മറികടന്ന് വിജയിച്ച മണ്ഡലം കൂടിയാണിത്.

ജയിച്ച പ്രമുഖര്‍

ബി എസ് യെദ്യൂരപ്പ: സംസ്ഥാന ബി ജെ പി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ 35397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എച്ച് ഡി കുമാരസ്വാമി: ജെ ഡി എസ് നേതാവും മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുമുള്ള എച്ച് ഡി കുമാരസ്വാമി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ചു. രാമനഗരയിലും ചന്നപട്‌നയിലുമാണ് ജയിച്ചുകയറിയത്

പ്രീതം ഗൗഡ: നാല് തവണ എം എല്‍ എയായിരുന്ന ജെ ഡി എസിന്റെ എച്ച് എസ് പ്രകാശിനെയാണ് ബി ജെ പിയുടെ പ്രീതം ഗൗഡ ഹാസനില്‍ പരാജയപ്പെടുത്തിയത്.

എസ് യതീന്ദ്ര: ബി ജെ പി സ്ഥാനാര്‍ഥി ടി ബസവരാജു നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ പെട്ടിയിലാക്കിയാണ് സിദ്ധരാമയ്യയുടെ മകനായ യതീന്ദ്ര വരുണ സീറ്റില്‍ വിജയിച്ചത്.

പ്രിയങ്ക് ഖാര്‍ഗെ: കലബുറഗി ജില്ലയിലെ ചിറ്റാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ടൂറിസം മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ജയിച്ചത്. സീറ്റ് നിലനിര്‍ത്തിയ അപൂര്‍വം കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് പ്രിയങ്ക്.

പരാജയപ്പെട്ടവര്‍

സിദ്ധരാമയ്യ: തട്ടകമായ ചാമുണ്ഡേശ്വരിയിലാണ് അധികാരമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടത്. അതേസമയം മറ്റൊരു സീറ്റായ ബദാമിയില്‍ നേരിയ വോട്ടിന് ജയിച്ചു.

ബി ശ്രാരുമുലു: ബദാമിയിലാണ് ശ്രീരാമുലു പരാജയപ്പെട്ടത്. മറ്റൊരു മണ്ഡലമായ മൊളകല്‍മുരുവില്‍ ജയിച്ചു.

ബാബുറാവു ചിഞ്ചാന്‍സുര്‍: കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരവധി തവണ വിജയിച്ച ഗുര്‍മിത്കലില്‍ ഇത്തവണ ബാബുറാവു ചിഞ്ചാന്‍സുര്‍ ജെ ഡി എസിന്റെ നാഗന്‍ഗൗഡ കാന്ദ്കുര്‍ വിജയിച്ചു.

Latest