ഭിന്നിക്കരുത്, മതേതര ചേരി

Posted on: May 16, 2018 6:00 am | Last updated: May 16, 2018 at 12:09 am

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നാടകീയമായ നീക്കങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തില്‍ പ്രതിനിധികളുടെ എണ്ണം തന്നെയാണ് പ്രധാനമെന്നിരിക്കെ ഈ ഫലം ബി ജെ പിക്ക് ആഘോഷത്തിനും കോണ്‍ഗ്രസിന് ആത്മവിചാരണക്കും അവസരമൊരുക്കുന്നുണ്ട്. ഒറ്റക്ക് സര്‍ക്കാറുണ്ടാക്കാമെന്ന ബി ജെ പിയുടെ അമിതാത്മവിശ്വാസത്തെ ജനങ്ങള്‍ അനുവദിച്ച് കൊടുക്കുന്നില്ല. ഭരണവിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടെന്നുമുള്ള കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തെയും ജനങ്ങള്‍ തല്ലിക്കെടുത്തിയിരിക്കുന്നു. ആകെ തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റില്‍ 104 സീറ്റ് നേടി ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കേവല ഭൂരിപക്ഷത്തിലേക്ക് എട്ട് സീറ്റിന്റെ ദൂരം. 78 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തി. 37 സീറ്റുകളുമായി ജനതാദള്‍ എസ് നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, മധ്യ കര്‍ണാടക, ദക്ഷിണ കര്‍ണാടക തുടങ്ങി എല്ലാ മേഖലകളിലും ബി ജെ പി, കോണ്‍ഗ്രസിനോട് കിടപിടിക്കുകയോ കവച്ച് വെക്കുകയോ ചെയ്തിട്ടുണ്ട്.

ബി ജെ പിയുടെ തന്ത്രപരമായ നീക്കങ്ങള്‍ തന്നെയാണ് അവരെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്. ഒരു സാധ്യതയുമില്ലാത്തിടത്തും സാധ്യതകള്‍ സൃഷ്ടിക്കാന്‍ അതിന്റെ ഇന്നത്തെ നേതൃത്വത്തിന് സാധിക്കും. മോദി- അമിത് ഷാ കൂട്ടുകെട്ട് രാജ്യം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പോള്‍ മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് ഈയിടെ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. പ്രചാരണത്തില്‍ മാത്രമല്ല, ഫലം വന്ന ശേഷവും ഒരു തത്വദീക്ഷയുമില്ലാതെ സാധ്യതകള്‍ സൃഷ്ടിക്കുന്നത് ഗോവയിലടക്കം കണ്ടതാണ്. ആഴത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കും. പിണങ്ങി നില്‍ക്കുന്നവരെ മുഴുവന്‍ കാലേകൂട്ടി അടുപ്പിക്കും. പണം വാരിവിതറും. പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനും അവസാന നിമിഷം ചര്‍ച്ച വഴി തിരിച്ചുവിടാനും ഏത് നുണ വേണമെങ്കിലും അഴിച്ചു വിടും. ഇത്തരം കുതന്ത്രങ്ങളുടെ ഘോഷയാത്ര ജനങ്ങള്‍ക്ക് മുന്നിലുള്ളത് കൊണ്ടാണ് വോട്ടിംഗ് മെഷീന്‍ ആരോപണങ്ങള്‍ ഇത്തവണയും ഉയരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ ജെ പിയുമായി അപ്പുറത്ത് നിന്ന യെദ്യൂരപ്പയെയും ശ്രീരാമലുവിനെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ചതില്‍ തുടങ്ങുന്നു കരുനീക്കങ്ങള്‍. റെഡ്ഡി സഹോദരന്‍മാരെ ഗോദയില്‍ ഇറക്കിയപ്പോള്‍ അത് വലിയ എതിര്‍ ചര്‍ച്ചക്ക് വഴിവെച്ചെങ്കിലും സാമ്പത്തിക യുദ്ധത്തില്‍ ബി ജെ പിയെ അത് തെല്ലൊന്നുമല്ല സഹായിച്ചത്. 222 സീറ്റുകളില്‍ മത്സരിക്കുമ്പോഴും വെറും 130 സീറ്റുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു അവരുടെ തീരുമാനം. ആ 130 സീറ്റുകള്‍ പിടിക്കുക, മറ്റുള്ള മേഖലയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എതിരാളികളെ സഹായിക്കുക. ആ എതിരാളി ജെ ഡി എസ് ആയിരുന്നു. വോട്ട് വിഹിത ശതമാനക്കണക്കില്‍ മുന്നില്‍ നില്‍ക്കുമ്പോഴും സീറ്റ് എണ്ണത്തില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയത് അങ്ങനെയാണ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ 13,000 ത്തോളം വോട്ടുകള്‍ക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്‍പ്പക്കുന്നതില്‍ ഈ പരസ്പര സഹായ പദ്ധതിക്ക് പ്രധാന പങ്കുണ്ട്.

കോണ്‍ഗ്രസിന്റെ, പ്രത്യേകിച്ച് സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍ പാളിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ പ്രതീക്ഷിക്കുകയും ചെയ്തു. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള തീരുമാനം തിരിച്ചടിയായി. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന വീരശൈവ വിഭാഗത്തിന്റെ പ്രചാരണം ബി ജെ പിക്ക് ഗുണമായെന്ന് വേണം വിലയിരുത്താന്‍. രാഹുല്‍ ഗാന്ധി പതിവിന് വിപരീതമായി ഗംഭീരമായ നേതൃഗുണം പുറത്തെടുത്തിട്ടും ചരിത്രത്തിലെ ഏറ്റവും നല്ല പ്രചാരണം നടത്തിയിട്ടും പ്രായോഗിക രാഷ്ട്രീയത്തിന്റെ ചില അടവുകള്‍ പയറ്റിയിട്ടും കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ ബി ജെ പിക്ക് സാധിച്ചുവെങ്കില്‍ മുഖ്യമായും ഒറ്റ പാഠമാണ് പഠിക്കേണ്ടത്. മനുഷ്യരെ നിരന്തരം വിഭജിച്ചും ചരിത്രം തമസ്‌കരിച്ചും ആള്‍ക്കൂട്ട അക്രമാസക്തത പടര്‍ത്തിയും എല്ലാ പാരമ്പര്യത്തെയും തകര്‍ത്തും രഥവേഗം നേടുന്ന ഫാസിസത്തെ നേരിടാന്‍ ഒന്നിച്ച് നിന്നേ തീരൂ എന്ന പാഠം. ഒറ്റക്ക് ഭരിച്ച പാരമ്പര്യമൊക്കെ മാറ്റിവെക്കണം. വിട്ടുവീഴ്ചയുടെ വലിയ ഉത്തരവാദിത്വത്തിലേക്ക് ഇറങ്ങിവരണം. അതാണ് മമതാ ബാനര്‍ജി പറഞ്ഞത് ‘ജെ ഡി എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു’വെന്ന്. ഏതായാലും ഫലം പുറത്ത് വന്ന ശേഷം കോണ്‍ഗ്രസ് നടത്തിയിട്ടുള്ള ചടുല നീക്കങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുന്ന സഖ്യമാണ് അവര്‍ ജെ ഡി എസുമായി ഉണ്ടാക്കാന്‍ പോകുന്നത്. അതിനായി എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വരെ വാഗ്ദാനം ചെയ്ത് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറിലാണ് ഇനി എല്ലാം നിക്ഷിപ്തമായിരിക്കുന്നത്. ചാക്കിട്ടു പിടിത്തത്തിന് അവസരമൊരുക്കും വിധം യെദ്യൂരപ്പയെയാണോ ആവശ്യത്തിന് എണ്ണമുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെയാണോ അദ്ദേഹം സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുക എന്നതാണ് ചോദ്യം.