രാജകീയ വീഴ്ച

രാജസ്ഥാനെ ആറ് വിക്കറ്റിന് കൊല്‍ക്കത്ത പരാജയപ്പെടുത്തി
Posted on: May 16, 2018 6:17 am | Last updated: May 15, 2018 at 11:55 pm

ഈഡന്‍ ഗാര്‍ഡന്‍: തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ റോയല്‍സിനെ ജയ്‌ദേവ് മാന്യമായ സ്‌കോറിലെത്തിച്ചെങ്കിലും വിജയം കടാക്ഷിച്ചില്ല. കൊല്‍ക്കത്തക്ക് മുന്നില്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് അവര്‍ ഏറ്റുവാങ്ങിയത്.

രാഹുല്‍ ത്രിപാഠി- ജോസ് ബട്‌ലര്‍ കൂട്ടുകെട്ട് നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ രാജസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു.കുല്‍ദീപ് യാദവിന് മുന്നില്‍ രാജസ്ഥാന്‍ ബാറ്റിംഗ് നിര ശരിക്കും പതറി. നാല് ഓവറില്‍ രാജസ്ഥാന്‍ 20 റണ്‍സ് മാത്രം നേടുന്നതിനിടയില്‍ നാല് വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതത്. അടിപതറിയ രാജസ്ഥാന്‍ 19 ഓവറില്‍ 142 റണ്‍സിന് ആള്‍ഔട്ട് ആയി.

4.5 ഓവറില്‍ സ്‌കോര്‍ 63ല്‍ നില്‍ക്കെയാണ് രാജസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ച. 15 പന്തില്‍ 27 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠി, ആന്‍ഡ്രേ റസ്സലിന്റെ പന്തില്‍ വീഴുകയായിരുന്നു. ബട്‌ലര്‍ 39 റണ്‍സ് നേടി പുറത്തായി. പിന്നീടാണ് കുല്‍ദീപ് യാദവും സുനില്‍ നരൈനും ചേര്‍ന്ന് റോയല്‍സിനെ വെള്ളം കുടിപ്പിച്ചത്. അജിങ്ക്യ രഹാനയെ കുല്‍ദീപ് പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ നരൈന്‍ മടക്കി. ജോസ് ബട്‌ലര്‍, സ്റ്റുവര്‍ട് ബിന്നി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ കൂടി കുല്‍ദീപിന്റെ ഇരകളായി.

ജയം തേടിയിറങ്ങിയ കൊല്‍ക്കത്തയുടെ നരൈന്‍ ആദ്യ ഓവറില്‍ ഗൗതമിനെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തിയാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. പക്ഷേ, രണ്ടാം ഓവറില്‍ ആദ്യ പന്തില്‍ ഗൗതമിന്റെ കൈയില്‍ നരൈന്‍ ഒടുങ്ങി. 36ല്‍ നില്‍ക്കുമ്പോള്‍ ഉത്തപ്പയും 69ല്‍ റാണയും മടങ്ങി. ലിന്നും കാര്‍ത്തിക്കും ചേര്‍ന്നാണ് പിന്നെ കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്.

45ല്‍ ലിന്‍ വീഴുമ്പോള്‍ ടീം 117 എന്ന ഭദ്രമായ നിലയിലായിരുന്നു. റസ്സലുമായി ചേര്‍ന്ന് കാര്‍ത്തിക്ക് കൊല്‍ക്കത്തെയെ വിജയം വരെ എത്തിച്ചു.