കാത്തിരിക്കൂ… ശ്രീശാന്തിനോട് സുപ്രീം കോടതി

Posted on: May 16, 2018 6:17 am | Last updated: May 15, 2018 at 11:52 pm

ന്യൂഡല്‍ഹി: ഈ സീസണിലെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ താരങ്ങളെ കുറ്റവിമുക്തരാക്കിയുള്ള വിചാരണ കോടതി നടപടിയിലുള്ള അപ്പീലില്‍ ജൂലൈ അവസാനത്തിനകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. ശ്രീശാന്ത് പ്രതീക്ഷിച്ച ഇടക്കാല ആശ്വാസവും ഇതോടെ ഇല്ലാതായി.

താരത്തിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ ബഞ്ച്, ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ശ്രീശാന്തിനെ അറിയിച്ചത്. ഒത്തുകളി വിവാദത്തില്‍ താരങ്ങളെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെ ഡല്‍ഹി പൊലീസ് നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ കാത്തിരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി.

ബി സി സി ഐയുടെ അജീവനാന്ത വിലക്ക് ശരിവെച്ച കേരളാ ഹൈകോടതി വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ശ്രീശാന്തടക്കം നിരവധി താരങ്ങളാണ് ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്നത്. ഇന്ത്യയുടെ മുന്‍നിര പേസറായിരുന്ന ശ്രീശാന്ത് കഴിഞ്ഞ നാല് വര്‍ഷമായി ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും പുറത്താണ്. ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍, തന്നെ ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ ശ്രീശാന്തിന്റെ ഹരജി.
എന്നാല്‍, ഐ പി എല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ശീശാന്തിനെതിരെ കടുത്ത നിലപാടാണ് ബി സി സി ഐ തടരുന്നത്. ശ്രീശാന്ത് ഏഴ് ലക്ഷം രൂപ കോഴ വാങ്ങിയെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ബി സി സി ഐ സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ബി സി സി ഐ നിലപാട് ആവര്‍ത്തിച്ചത്.