നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

Posted on: May 16, 2018 6:24 am | Last updated: May 15, 2018 at 11:42 pm
ബേബി രാജ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ മാതാവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി ടി ബേബി രാജി (24)നെയാണ് ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പയ്യന്നൂര്‍ സി ഐ. എം പി ആസാദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ബെംഗളുരുവിലേക്ക് മുങ്ങിയ പ്രതി തിരിച്ച് നാട്ടിലേക്ക് വരികയായിരുന്നു. ട്രെയിനില്‍ കണ്ണൂരിലേക്ക് വരുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന്് പോലീസ് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരുന്നു. പിടികൂടിയ പ്രതിയെ പയ്യന്നൂരില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ, പ്രതിയെ രക്ഷപ്പെടാന്‍ പോലീസ് അനുവദിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. സംഭവത്തിന് ശേഷം പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നാണ് ആരോപണം.

കഴിഞ്ഞ 22 വര്‍ഷമായി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ ഏഴ് വയസ്സുകാരിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റാന്‍ഡിന് സമീപത്ത് ഇക്കഴിഞ്ഞ 10ന് പുലര്‍ച്ചെ 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. മാതാവിനോടൊപ്പം പെണ്‍കുട്ടി പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഷെഡില്‍ ഉറങ്ങികിടക്കവെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനിടയില്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാടോടി കുടുംബം ഞെട്ടിയുണരുകയും പ്രതിയെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്യുകയുമായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ പ്രതിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിനിടയിലാണ് പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പ്രതി പോലീസ് സ്റ്റേഷനിലെത്തുന്നത്. അഭിഭാഷകന്‍ മുഖേന പ്രതി നാടോടി കുടുംബത്തിന് 50,000 രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒരു ലക്ഷം നല്‍കാനായിരുന്നു തീരുമാനമെന്നും പറയുന്നുണ്ട്. പിന്നീടത് അര ലക്ഷമായി ചുരുങ്ങുകയും വണ്ടി ചെക്കാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.

ഇതോടെ സംഭവത്തില്‍ മറ്റ് ചിലര്‍ ഇടപെടുകയും ഇവരോടൊപ്പം എത്തി നാടോടി കുടുംബം പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ പോക്‌സോ നിയമ ്രപകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പ്രതി നാട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഇടപെട്ട അഭിഭാഷകനെയും പൊലീസ്‌ചോദ്യം ചെയ്യും.