Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു; അറസ്റ്റിന് സാധ്യത

Published

|

Last Updated

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ് പി. എ വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇതോടെ ജോര്‍ജിനെയും കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അതിനിടെയാണ് കേസില്‍ എ വി ജോര്‍ജിന്റെ പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് ചോദ്യം ചെയ്യലെന്ന് അന്വേഷണ സംഘം അറിയിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘത്തെ നിയന്ത്രിച്ചിരുന്നത് എ വി ജോര്‍ജായിരുന്നു. കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ എ വി ജോര്‍ജിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ എ വി ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവ ശേഷം ജോര്‍ജ് നടത്തിയ ഫോണ്‍ വിളികളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ. ജി എസ് ദീപക്, എ വി ജോര്‍ജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആലുവ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍, ശ്രീജിത്തിനെ വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ ജയാനന്ദന്‍, സി പി ഒമാരായ സന്തോഷ് ബേബി, സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരെ സംഭവത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എ വി ജോര്‍ജിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്താല്‍ പിടിയിലായവരുടെ എണ്ണം പത്താകും.
പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജിത്ത് ഏപ്രില്‍ ഒമ്പതിനാണ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.