Connect with us

Kerala

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാന്‍ സര്‍വകക്ഷി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

അപ്രഖ്യാപിത ഹര്‍ത്താലുകള്‍ അന്യദേശങ്ങളില്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഹര്‍ത്താലുകള്‍ വേണ്ടെന്ന് വെക്കാനാകില്ല. പക്ഷേ, ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രത പാലിക്കണം. ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു.

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്ക പ്രസിഡന്റ് എം എം ഹസന്‍ യോഗത്തില്‍ പങ്കുവച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ നിയമം നടപ്പാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു. ബില്‍ നിയമസഭയുടെ മുന്നിലുണ്ട്. സെലക്ട് കമ്മിറ്റി വിട്ടിരുന്നു. ആ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അത് ഇപ്പോഴും ലാപ്‌സ്് ആയിട്ടില്ലെന്നും ഹസന്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചു.

ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് മറ്റു രാഷ്ട്രീയകക്ഷി നേതാക്കളും അറിയിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആഭ്യന്തര വിജിലന്‍സ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഭക്ഷ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ഭക്ഷ്യവകുപ്പ് ഡയറക്ടര്‍ എന്‍ ടി എല്‍ റെഡ്ഢി, വിവിധ കക്ഷിനേതാക്കള്‍ പങ്കെടുത്തു.

സര്‍വകക്ഷി സംഘം
പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ അരിവിഹിതം ലഭിക്കുന്നതിനായി സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും. അന്ത്യോദയ, അന്നയോജന (എ എ വൈ) ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിനും കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്ര സര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു.

ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍ വന്നതോടെ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയമപ്രകാരം കാര്‍ഡുടമകളെ പല വിഭാഗങ്ങളായി തിരിച്ചാണ് റേഷന്‍ നല്‍കുന്നത്. സ്റ്റാറ്റിയൂട്ടറി റേഷന്‍ നിലവിലുണ്ടായിരുന്ന കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത അളവില്‍ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കാന്‍ കഴിയണം. നേരത്തെ 16 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പായപ്പോള്‍ അത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. എല്ലാവര്‍ക്കും നിശ്ചിത അളവില്‍ റേഷന്‍ നല്‍കുന്നതിന് 7.22 ലക്ഷം ടണ്‍ അരി കൂടുതലായി ലഭിക്കേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വിശദീകരിച്ചു.

എ പി എല്‍ വിഭാഗത്തിനുള്ള സബ്‌സിഡി അരി വിതരണം ചെയ്യുന്ന പദ്ധതി മുടങ്ങിയ സാഹചര്യത്തില്‍ അത് വീണ്ടും നടപ്പാക്കാന്നതിനായി അഡീഷണല്‍ അലോട്ട്‌മെന്റായ 7.22 മെട്രിക് ടണ്‍ അരി കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.

---- facebook comment plugin here -----