Connect with us

Gulf

ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ജനം ബുദ്ധിമുട്ടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര മന്ത്രി

Published

|

Last Updated

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍
സംസാരിക്കുന്നു

ദുബൈ: ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ച്ചയില്‍ ജനം ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ധന വിതരണം വളരെ കൂടുതലാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ എല്ലാ കോണിലേക്കും ഊര്‍ജ പ്രസരണം സാധ്യമാക്കുന്നതിന് ചിലവ് കൂടുതലാണ്. അതേസമയം സമീപ രാജ്യങ്ങളില്‍ ഊര്‍ജ പ്രസരണം ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായി വരുന്നതിനാല്‍ പ്രവര്‍ത്തന ചെലവും താരതമ്യേനെ കുറവാണ്. അതിനാല്‍ അവിടങ്ങളില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും കുറക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ ഏര്‍പെടുത്തുന്ന നികുതിയില്‍ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ് തിരികെ നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈയിനത്തില്‍ ലഭിക്കുന്ന തുക ചെലവഴിക്കുന്നത്. നികുതി നിര്‍ണയത്തിനുള്ള പങ്ക് സംസ്ഥാനങ്ങളുടേതാണ്. ആവശ്യമായവര്‍ക്ക് നികുതിയുടെ കാര്യത്തില്‍ സ്വയം തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള പെട്രോളിയം ഇറക്കുമതിയില്‍ 60 ശതമാനവും ജി സി സി രാജ്യങ്ങളില്‍ നിന്നാണ്. സുദൃഢമായ ബന്ധമാണ് ഈ രാജ്യങ്ങള്‍ തമ്മില്‍ ഇന്ത്യക്കുള്ളത്. അതിനാല്‍ ആഗോള തലത്തില്‍ പെട്രോളിയം മേഖലയില്‍ മാന്ദ്യം സംഭവിക്കുന്ന ഘട്ടത്തില്‍ ഇന്ത്യക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ സാധ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ രണ്ടാമത്തെ യു എ ഇ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ പെട്രോളിയം കണ്‍സോര്‍ഷ്യവും യു എ ഇ ദേശീയ എണ്ണ കമ്പനിയായ അഡ്നോക്കുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചു ഇന്ത്യക്കുള്ള ക്രൂഡോയിലിന്റെ പങ്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ കരുതല്‍ ശേഖരമായി സൂക്ഷിക്കും. ക്രൂഡോയിലിന്റെ ലഭ്യത കുറയുന്ന ഘട്ടത്തില്‍ ഇവ ഇന്ത്യയിലെ പെട്രോളിയം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനവ വിഭവ ശേഷി മേഖലയില്‍ ഇന്ത്യയുടെ വിദഗ്ധ അവിദഗ്ദ്ധ തൊഴില്‍ ശക്തിയുടെ സേവനം യു എ ഇക്ക് ഉറപ്പ് വരുത്തും. പെട്രോളിയം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യു എ ഇയുമായി ധാരണകളായിട്ടുണ്ട്. യു എ ഇ മാനവ വിഭവ ശേഷി- സ്വദേശി വല്‍ക്കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാംലിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാനവ വിഭവ ശേഷി മേഖലയില്‍ കൂടുതല്‍ ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഇറാനും തമ്മില്‍ നല്ല ബന്ധമാണ് നില നില്‍ക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ ഇന്ത്യാ-ഇറാന്‍ ബാന്ധവത്തെ ബാധിച്ചിട്ടില്ല. ഇറാനില്‍ നിന്നുള്ള ഊര്‍ജ ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമ്പതാമത് സിറ്റി ഗ്യാസ് ഡിസ്ട്രിബൂഷന്‍ ബിഡിങ് റൗണ്ടിന്റെ ഭാഗമായി യു എ ഇയില്‍ രണ്ട് റോഡ് ഷോകളാണ് നടത്തിയത്. ഇന്ത്യയില്‍ എണ്ണ പര്യവേഷണ ഉത്പാദന രംഗത്തെ കൂടുതല്‍ സാധ്യതകളെ ആഗോള സംരംഭകര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതിനാണ് ഇത്തരം പദ്ധതികള്‍ വിദേശങ്ങളില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം ആന്‍ഡ് നാച്ചറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ശര്‍മ്മ, ഇന്ത്യന്‍ ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ അതാനു ചക്രവര്‍ത്തി, ഡി കെ സറാഫ്, എസ് രത്തു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest