ലോകകപ്പിന് ഇറ്റലിയില്ലെങ്കിലും കപ്പ് ഇറ്റലി മിനുക്കും

Posted on: May 15, 2018 6:05 am | Last updated: May 15, 2018 at 12:39 am

ലോകഫുട്‌ബോളില്‍ പ്രതിരോധക്കോട്ട പണിത് എതിരാളിയെ ആക്രമിച്ചു വീഴ്ത്തുന്ന ഇറ്റലിയുടെ സൂറിപ്പട ഇത്തവണ റഷ്യയില്‍ പന്ത് തട്ടാനില്ല. യോഗ്യതാ റൗണ്ടില്‍ അവര്‍ കാലിടറി വീണപ്പോള്‍ ഫുട്‌ബോള്‍ ലോകം ഞെട്ടി, ഫിഫയും. ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ കൂടുതര്‍ ആരാധകരുള്ള ടീമാണ് ഇറ്റലിയുടേത്. അഴകുള്ള കളി കൈയ്യിലില്ലെങ്കിലും ജയിക്കാനുള്ള വീര്യമുണ്ടല്ലോ, അത് ഇറ്റാലിയന്‍ പ്രത്യേകതയാണ്. എന്നിട്ടും അവര്‍ യോഗ്യതാ കടമ്പ താണ്ടിയില്ല. അതാണ് ഷോക്കിംഗ്.

റഷ്യയില്‍ കപ്പുയര്‍ത്താന്‍ ഇറ്റലിയുണ്ടാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെ ഒരു കാര്യം പറയാം. ജൂലൈ 15ന് കപ്പ് ആരുയര്‍ത്തിയാലും ശരി ആ കപ്പില്‍ ഇറ്റലിയുടെ കരസ്പര്‍ശമുണ്ടാകും.

1971 മുതല്‍ ലോകകപ്പ് ട്രോഫി മിനുക്ക് പണി ചെയ്യുന്നത് ഇറ്റലിയിലെ മിലാനിലെ ജി ഡി ഇ ബെര്‍ടോനി എന്ന ചെറുകിട കമ്പനിയാണ്. പന്ത്രണ്ട് പേര്‍ മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. ലോകകപ്പ് ജേതാക്കള്‍ക്ക് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ നല്‍കി വന്നിരുന്ന യൂള്‍റിമെ
റോളിംഗ് ട്രോഫി മൂന്നാം തവണയും ലോക ജേതാക്കളായ ബ്രസീലിന് സമ്മാനിച്ചതോടെയാണ് ഇന്ന് കാണുന്ന ലോകകപ്പ് ട്രോഫി നിര്‍മിച്ചത്. 1971 ല്‍ ജി ഡി ഇ ബെര്‍ടോനിയാണ് ഇത് രൂപകല്പന ചെയ്തതും നിര്‍മിച്ചതും.

പിന്നീട് നാല് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് വരുന്നതിന് മുന്നോടിയായി ട്രോഫി മിലാനിലെത്തും. ട്രോഫിയുടെ മേനി പോളിഷ് ചെയ്ത് വര്‍ധിപ്പിക്കാനും എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കലിനുമായിട്ട്.

ഓരോ നാല് വര്‍ഷം കൂടുമ്പോഴും യഥാര്‍ഥ ഫിഫ ലോകകപ്പ് ട്രോഫി തങ്ങളുടെ സ്ഥാപനത്തിലെത്തുന്നത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമാണ് നല്‍കുന്നതെന്ന് കമ്പനി ഡയറക്ടര്‍ വാലെന്റിന ലോസ പറയുന്നു. ലോസയുടെ മുത്തച്ഛന്‍ 1938 ല്‍ സ്ഥാപിച്ചതാണ് സ്ഥാപനം.
ലോകകപ്പ് ട്രോഫി നിര്‍മിച്ചത് കമ്പനിയിലെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സില്‍വിയോ ഗാസാനിഗയാണ്. ട്രോഫിയില്‍ കാണുന്ന ഗ്ലോബ് വാലെന്റിനയുടെ പിതാവ് ജോര്‍ജിയോയുടെ ആശയമായിരുന്നു. പന്തിനെ ഭുഗോളത്തോട് ഉപമിച്ചു കൊണ്ടുള്ള നിര്‍മിതി.

1974 ല്‍ ജര്‍മന്‍ നായകന്‍ ഫ്രാന്‍സ് ബെക്കന്‍ബോവറാണ് ജി ഡി ഇ ബെര്‍ടോനി നിര്‍മിച്ച ലോകകപ്പ് ട്രോഫി ആദ്യമായി ഉയര്‍ത്തിയത്. ഒറിജിനല്‍ ട്രോഫി ഫിഫ തിരിച്ചുവാങ്ങുകയും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ട്രോഫി ജേതാക്കള്‍ക്ക് സ്വന്തമായി നല്‍കുകയുമാണ് പതിവ്. ആ ഡ്യൂപ്ലിക്കേറ്റ് ട്രോഫിയും നിര്‍മിക്കുന്നത് ഇവിടെ തന്നെ.

ഒറിജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കുറിച്ച് വാലെന്റിനക്ക് പറയാനുള്ളത് ഇത്ര മാത്രം: ഒറിജിനല്‍ ഒറിജനല്‍ തന്നെ. മോണാലിസ പെയിന്റിംഗ് ഒറിജിനല്‍ കാണുന്നതും അതിന്റെ കോപ്പികള്‍ കാണുന്നതും തമ്മിലുള്ള വ്യത്യാസം പോലെ.
ലോകത്തെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ നിന്നുമായി 53 അപേക്ഷകളാണ് ലോകകപ്പ് ട്രോഫി നിര്‍മാണത്തിന് താത്പര്യം അറിയിച്ച് ഫിഫക്ക് മുന്നിലെത്തിയത്. നറുക്ക് വീണത് മിലാനിലെ കമ്പനിക്കായിരുന്നു. അതിനുള്ള പ്രധാന കാരണം, കരകൗശലം തന്നെ. ജി ഡി ഇയിലെ കലാകാരന്‍മാര്‍ ദിവസങ്ങളോളം കൈകൊണ്ട് കൊത്തുപണികള്‍ ചെയ്താണ് ട്രോഫികള്‍ നിര്‍മിക്കുന്നത്. ഇത്‌ബോധ്യപ്പെട്ട ഫിഫ കരാര്‍ അവര്‍ക്ക് നല്‍കുകയായിരുന്നു.

38 സെന്റിമീറ്റര്‍ നീളത്തില്‍ ആറ് കിലോയിലേറെ സ്വര്‍ണവും മാല്‍ക്കൈറ്റും ചേര്‍ത്ത, ഭുഗോളത്തെ പ്രതിനിധാനം ചെയ്യുന്ന ഗംഭീരന്‍ ട്രോഫി ജി ഡി ഇ തയ്യാറാക്കി. ഇന്നും ഫിഫ ലോകകപ്പ് ട്രോഫിയുടെ മനോഹാരിത മറ്റൊരു ട്രോഫിക്കുമില്ല.
നാല് വര്‍ഷത്തിനിടെ പല ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന ലോകകപ്പ് ട്രോഫിക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. അതൊന്ന് മിനുക്കിയെടുത്ത് സ്വര്‍ണനിറത്തിന് തിളക്കം നല്‍കാന്‍ ചെറിയൊരു കൈപ്രയോഗം നടത്തും. ഓരോ നാല് വര്‍ഷം കഴിയുമ്പോഴും ഈയൊരു ട്രോഫി ഞങ്ങളെ തേടി വരുന്നത് വലിയ അനുഭവമാണ് – ബെര്‍ടോനി വര്‍ക്ക്‌ഷോപ്പിലെ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാളായ പിട്രോ ബ്രാംബിലയുടെ വാക്കുകള്‍.