പത്തരമാറ്റുള്ള ജയം

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ബെംഗളുരുവിന് പത്ത് വിക്കറ്റ് ജയം
Posted on: May 15, 2018 6:20 am | Last updated: May 15, 2018 at 12:28 am
ബെംഗളുരുവിന്റെ വിജയശേഷം കളം വിടുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ എതിര്‍ ടീം അംഗം അഭിനന്ദിക്കുന്നു

ഇന്‍ഡോര്‍: പഞ്ചാബിനെ എറിഞ്ഞ് വീഴ്ത്തി ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി. കരുത്തരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് ബെംഗളുരു തകര്‍ത്തു വിടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ആര്‍സിബി അനുവദിച്ചില്ല. 15.1 ഓവറില്‍ വെറും 88 റണ്‍സിന് പഞ്ചാബ് കൂടാരത്തില്‍ തിരിച്ചെത്തി.

സ്‌കോര്‍ : പഞ്ചാബ് 88 ആള്‍ ഔട്ട്; ബെംഗളുരു 8.1 ഓവറില്‍ 92.

8.1 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂര്‍ ജയത്തിലേക്കു പറന്നെത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (48 നോട്ടൗട്ട്) പാര്‍ഥീവ് പട്ടേലിന്റെയും (40 നോട്ടൗട്ട്) തകര്‍പ്പന്‍ ബാറ്റിംഗാണ് ബെംഗളുരുവിന്റെ ജയം അനായാസമാക്കിയത്. 28 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിംഗ്‌സെങ്കില്‍ പാര്‍ഥീവ് 22 പന്തില്‍ ഏഴു ബൗണ്ടറികള്‍ നേടി. ബെംഗളുരുവിന്റെ മാസ്മരിക ബൗളിംഗില്‍ പഞ്ചാബ് തരിപ്പണമാവുകയായിരുന്നു. മൂന്നു പേര്‍ മാത്രമേ പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

ആരോണ്‍ ഫിഞ്ച് (26), ലോകേഷ് രാഹുല്‍ (21), ക്രിസ് ഗെയ്ല്‍ (18) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ തികച്ചത്. 23 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെയാണ് ഫിഞ്ച് പഞ്ചാബിന്റെ ടോപ്‌സ്‌കോററായത്. ഗെയ്ല്‍ 14 പന്തില്‍ നാലു ബൗണ്ടറികള്‍ നേടി. കരുണ്‍ നായര്‍ (1), മാര്‍കസ് സ്‌റ്റോണിസ് (2), മയാങ്ക് അഗര്‍വാള്‍ (2), അക്ഷര്‍ പട്ടേല്‍ (9), ആര്‍ അശ്വിന്‍ (0), ആന്‍ഡ്രു ടൈ (0), മോഹിത് ശര്‍മ (3), അങ്കിത് രാജ്പൂത്ത് (1) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിന്റെ അന്തകനായത്. അശ്വിന്‍, മോഹിത്, രാജ്പൂത്ത് എന്നിവരെ ഉജ്ജ്വല ഫീല്‍ഡിങിലൂടെ ആര്‍സിബി റണ്ണൗട്ടാക്കുകയായിരുന്നു.