Connect with us

Kerala

വാരാപ്പുഴ കസ്റ്റഡി മരണം: നാല് പോലീസുകാര്‍ കോടതിയില്‍ കീഴടങ്ങി

Published

|

Last Updated

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കീഴടങ്ങി. ഗ്രേഡ് എസ് ഐ ജയാനന്ദന്‍, സി പി ഒമാരായ സന്തോഷ് ബേബി, ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്.

ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം എന്ന വ്യവസ്ഥയില്‍ നാല് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും വേണമെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാമെന്നും കോടതി നിര്‍ദേശം നല്‍കി. അന്യായമായി തടഞ്ഞുവെക്കല്‍ എന്ന കുറ്റം മാത്രമേ ഇവരിലുള്ളൂ എന്നതിനാലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. വരാപ്പുഴയില്‍ പോലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കേസില്‍ പ്രതിചേര്‍ത്തത്. ദേവസ്വം പാടത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണിവര്‍. വരാപ്പുഴ എസ് ഐ. ജി എസ് ദീപക് അവധിയായിരുന്നതിനാല്‍ ജയാനന്ദനായിരുന്നു സ്റ്റേഷന്‍ ചുമതല. ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വ്യാഴാഴ്ച പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇവരെ പ്രതിചേര്‍ത്ത ശേഷമാണ് എറണാകുളം റൂറല്‍ എസ് പി. എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതുവരെ പ്രതിചേര്‍ക്കാത്ത എ വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുമെന്നും അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Latest