സുനന്ദയുടെ മരണം: ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം

  • ചുമത്തിയത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍
  • ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി
Posted on: May 14, 2018 3:39 pm | Last updated: May 15, 2018 at 11:34 am

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പാട്യാല ഹൗസിലെ മെട്രോപോളിറ്റന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കുന്ന കുറ്റപത്രത്തില്‍ ദാമ്പത്യപ്രശ്‌നങ്ങളാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 (എ) (വിവാഹിതയായ യുവതിയെ പീഡിപ്പിക്കല്‍) വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ഈ മാസം 24ന് കേസ് പാട്യാല കോടതി പരിഗണിക്കാനിരിക്കുകയാണ്. 3,000 പേജുള്ള കുറ്റപത്രത്തില്‍ ശശി തരൂരിന്റെ പേര് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കേസി ല്‍ കുറ്റപത്രം തയ്യാറായിട്ടുണ്ടെന്നും സൂക്ഷ്മ പരിശോധനക്കും നിയമ അഭിപ്രായങ്ങള്‍ക്കുമായി പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറിയിരിക്കുകയാണെന്നും കഴിഞ്ഞ മാസം ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മെഡിക്കോ-ലീഗല്‍, ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന് സെക്കോളജി വിദഗ്ധരുടെ നിര്‍ദേശങ്ങളും തേടിയിരുന്നു. അതേസമയം, കുറ്റപത്രം തള്ളുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. ഡല്‍ഹി പോലീസും ബി ജെ പി നേതാക്കളും ചേര്‍ന്ന് തരൂരിനെ വേട്ടയാടിയിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദ പുഷ്‌കര്‍ മരിച്ചത്. മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ അന്നു മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍വെളിപ്പെടുത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നതായും വര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എയിംസ് ഓട്ടോപ്‌സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യു എസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ് ബി ഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്ന് കണ്ടെത്തിയ എഫ് ബി ഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.

മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ആറ് പേരെ പോളിഗ്രാഫ് പരിശോധനക്ക് വിധേയരാക്കി. മരണത്തിന് മുമ്പ് സുനന്ദയുടെ മൊബൈല്‍ ഫോണില്‍ വന്ന കോളുകളും വിശകലനം ചെയ്തിരുന്നു.
അതിനിടെ, കേസ് പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തള്ളി.

തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. കുറ്റപത്രവും ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന കളിയാണെന്ന വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ ശക്തമാകുകയാണ്.