Connect with us

Kerala

വാഗമണ്‍ സിമി ക്യാമ്പ്: 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതെ വിട്ടു

Published

|

Last Updated

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പില്‍ 18 പേര്‍ കുറ്റക്കാര്‍. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി.
17 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ശാദുലി, ശിബിലി, ആലുവ സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ നദ്‌വി, അബ്ദുല്‍ സത്താര്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 35 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ജനുവരി 23നാണ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്.
31ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപാലില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പിടിയിലായ 35ാം പ്രതി ഖുറൈശി തിഹാര്‍ ജയിലിലാണ്. ബോംബ് നിര്‍മാണം അടക്കം വിവിധ തരം ആയുധ പരിശീലനങ്ങള്‍ ക്യാമ്പില്‍ നടന്നുവെന്നും രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് വാഗമണ്‍ ക്യാമ്പിലാണെന്നും തെളിഞ്ഞിരുന്നു. ശിക്ഷാ പ്രഖ്യാപനം പിന്നീട് നടക്കും.

Latest