തെറ്റായ വാര്‍ത്ത: ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് പോലീസ് അസോസിയേഷന്‍

Posted on: May 14, 2018 6:16 am | Last updated: May 13, 2018 at 11:40 pm

വടകര: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ 34ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാറിനോട് അവശ്യപ്പെട്ടു.

മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് തൊഴില്‍പരമായി വിഷമതകള്‍ അനുഭവിക്കുന്ന സംസ്ഥാനത്തെ പോലീസിന് വര്‍ധിച്ച് വരുന്നതും സമയ ക്ലിപ്തതയില്ലാത്തതുമായ ഡ്യൂട്ടി ഭാരം മൂലം ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുകയാണെന്നും ഈ സാഹചര്യത്തില്‍ നിലവില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സമ്പ്രദായം എത്രയും പെട്ടെന്ന് നടപ്പാക്കണം.

ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മത വര്‍ഗീയ തീവ്ര വാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്റ്‌സിന്റെ പ്രവര്‍ത്തനം പരിഷ്‌കരിച്ച് കേന്ദ്ര ഇന്റലിജന്റ്‌സിന്റെ മാതൃകയില്‍ പ്രവര്‍ത്തന ശൈലി മാറ്റണം. നിലവില്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭൂരിപക്ഷവും ബിരുദ ധാരികളായതിനാല്‍ ഇവര്‍ക്ക് പ്രമോഷന്‍ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് എസ് ഐ തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.