Connect with us

Kerala

ചുവപ്പുവത്കരണ വിവാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

വടകര: പോലീസ് അസോസിയേഷന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദത്തിന് അടിസ്ഥാനപരമായി കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങല്‍ സര്‍ഗാലയയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് വിവാദത്തില്‍ താത്പര്യം. വസ്തുതകള്‍ എന്തെന്ന് അന്വേഷിക്കാന്‍ ഇത്തരക്കാര്‍ക്ക് താത്പര്യമില്ല. യൂനിഫോം മാത്രമാണ് നിശ്ചിത വേഷം. എന്നാല്‍, പല വേഷം ധരിച്ചവരെ സമ്മേളനത്തില്‍ കാണുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞാല്‍ എന്ത് വേഷം ധരിക്കണമെന്ന് നിശ്ചയിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷെ, മാന്യമായ വസ്ത്രം ധരിക്കണം. ചുവപ്പ് നിറം കണ്ടാല്‍ ചിലര്‍ക്ക് ചുകപ്പ് കണ്ട കാളയെ പോലെയാണ്. രക്തസാക്ഷി അനുസ്മരണ വിവാദം ഉയര്‍ത്തിയവര്‍ ആ വഴി സംഘടനയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്നെന്ന് മനസ്സിലാക്കാത്തവരാണ്. രക്ത സാക്ഷി പ്രമേയം, നഗര്‍, അനുസ്മരണം എന്നിവ ആദ്യ സമ്മേളനത്തില്‍ തന്നെ ഉണ്ടായിരുന്നു. ആട് എന്ത് അങ്ങാടി അറിഞ്ഞു എന്ന പോലെയാണ് ഈ വിവാദം ഉയര്‍ത്തിയവരെന്നും കൊടിയുടെ കളറും ചിഹ്നവും മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്നും പിണറായി പറഞ്ഞു.

വിവാദം ഉയര്‍ത്തേണ്ട അവസരത്തില്‍ കണ്ണടച്ചവര്‍ക്കെതിരെയും അസോസിയേഷന്‍ പ്രവര്‍ത്തനത്തെ പറ്റിയും പല വേദികളിലും താന്‍ തന്നെ എതിരഭിപ്രായം പറഞ്ഞതാണ്. ഇപ്പോള്‍ ആ കാലത്തെ ചില ചെയ്തികളെ പറ്റി അന്വേഷണം നടന്നു വരുന്നു. സംസ്ഥാന നേതാവ് തന്നെ വഴി വിട്ട് സഞ്ചരിച്ചപ്പോള്‍ എന്തേ മൗനം പാലിച്ചത്. രക്തസാക്ഷികളെയും നിറവും കൊടിയും നോക്കി നടക്കുന്നവര്‍ക്ക് എന്തെ തെറ്റായ കാര്യം അറിയാന്‍ കഴിഞ്ഞില്ല. പോലീസ് രംഗത്ത് കൃത്യമായ പ്രൊഫഷണല്‍ സംവിധാനം ഉണ്ടാകണം. ഇതിന്റെ ഭാഗമായി പരാതികളും മറുപടിയും ഓണ്‍ ലൈനായി നല്‍കി പരാതിക്കാരെ സ്‌റ്റേഷനില്‍ എത്തിക്കാതെ നടപടി സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കുറ്റ കൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എത്ര ഉന്നതനായാലും ശക്തമായ നടപടിയുമായി പോലീസ് മുന്നോട്ട് പോകും.

കുറ്റകൃത്യങ്ങളിലും സ്ത്രീ സുരക്ഷയിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരളം. എന്നാല്‍, തെറ്റായ കാര്യം ഉണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിക്കണം. ചില കാര്യങ്ങളില്‍ നിര്‍ദേശം നല്‍കിയതായതായും നിയമ വിരുദ്ധമായ ഒരു കാര്യം ചെയ്യാനും പോലീസിന് അവകാശമില്ലെന്നും ഒറ്റപ്പെട്ട രീതിയില്‍ ആരെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നടപടി സ്വീകരിക്കാന്‍ സ്ഥാനമോ പദവിയോ പ്രശ്‌നമല്ലെന്നും അനുഭവത്തിലൂടെ ഇക്കാര്യം വ്യക്തമായിട്ടുണ്ടാകുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

ചടങ്ങില്‍ ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ദാസന്‍, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ബി സന്ധ്യ, ശഫീന്‍ അഹ്മദ്, എസ് കാളിരാജ്, പി ജി അനില്‍കുമാര്‍, എ പി രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Latest