അലീഗഢ് സര്‍വകലാശാല ആക്രമണം പോലീസ് ഒത്താശയോടെ

സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
Posted on: May 14, 2018 6:17 am | Last updated: May 13, 2018 at 11:35 pm
പോലീസ് അനാസ്ഥ വ്യക്തമാക്കുന്ന സിസി ടിവി ദൃശ്യങ്ങളിലൊന്ന്

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ അക്രമം നടത്തിയത് പോലീസ് ഒത്താശയോടെയെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സര്‍വകലാശാലയുടെ സിസി ടിവിയിലാണ് ക്യാമ്പസിലെ ഒരു ചടങ്ങില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പങ്കെടുക്കുന്ന അതേ ദിവസം പോലീസ് ഒത്താശയോടെ ഒരു സംഘം ആളുകള്‍ ക്യാമ്പസിനകത്ത് കയറി അക്രമം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ആയുധങ്ങളേന്തിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അലിഗഢ് കാമ്പസില്‍ അക്രമം അഴിച്ചു വിട്ടതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ ചില അക്രമികളെ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടും കേസെടുക്കുക പോലും ചെയ്യാതെ പോലീസ് വെറുതെ വിട്ടു. അക്രമം നടന്നതിന് 30 മീറ്ററിനപ്പുറമാണ് മുഹമ്മദ് അന്‍സാരി ഉണ്ടായിരുന്നത്. മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് അലിഗഢിലെ ബി ജെ പി എം പി സതീഷ് ഗൗതം, വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കുന്നത് മെയ് ഒന്നിനാണ്. പിറ്റേന്ന് സ്റ്റുഡന്‍സ് യൂണിയന്റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാന്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അലീഗ്ഢ് ഗസ്റ്റ് ഹൗസിലെത്തുന്നു. തൊട്ടുപിന്നാലെയാണ് മുപ്പതോളം വരുന്ന ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് ഇരച്ചുകയറുന്നത്. ഇതോടെ വിദ്യാര്‍ഥികള്‍ വിഷയത്തില്‍ ജ്യുഡീഷ്വല്‍ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനിറങ്ങുകയായിരുന്നു.

ക്യാമ്പസില്‍ പ്രതിഷേധം ആളിക്കത്തിയതോടെ മെയ് 12ന് വരെ പരീക്ഷകള്‍ അടക്കമുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. വിഷയത്തില്‍ അലീഗഢ് വി സി കേന്ദ്ര ആഭ്യന്തര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ജ്യുഡീഷ്യല്‍ അന്വേഷണം: വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ അക്രമത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന ജ്യുഡീഷ്യല്‍ അന്വേഷണം ന്യായമാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ജിന്നയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നത് താന്‍ പങ്കെടുക്കുന്ന പരിപാടിക്ക് തൊട്ടുമുമ്പാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിച്ച് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഹാമിദ് അന്‍സാരി ഇക്കാര്യം വ്യക്തമാക്കിയത്.

അക്രമവും അത് ഉണ്ടായ സമയവും സംശയിക്കേണ്ടതാണ്. താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഔദ്യോഗികമായി തന്നെ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ട് താന്‍ ഉണ്ടായിരുന്ന ഗസ്റ്റ് ഹൗസില്‍ അക്രമികള്‍ എങ്ങനെ എത്തിയെന്നതാണ് മനസ്സിലാകാത്തതെന്നും ഹാമിദ് അന്‍സാരി കത്തിലൂടെ ചോദിക്കുന്നു. അക്രമികള്‍ക്ക് തന്റെ തൊട്ടടുത്ത് എത്താന്‍ കഴിഞ്ഞു എന്നത് സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.