വന്‍ തുക സമ്മാനമടിച്ചെന്ന് വ്യാജ സന്ദേശം; 14 അംഗ ഏഷ്യന്‍ സംഘം ദുബൈയില്‍ അറസ്റ്റില്‍

Posted on: May 13, 2018 10:47 pm | Last updated: May 13, 2018 at 10:47 pm

ദുബൈ: വന്‍ തുക സമ്മാനം ലഭിച്ചുവെന്ന് വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തി വന്ന 14 അംഗ ഏഷ്യന്‍ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും പാക്കിസ്ഥാനികളാണ്. വലിയ സംഖ്യ സമ്മാനം ലഭിച്ചതായി രാജ്യത്തെ ചില വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് മൊബൈലിലേയ്ക്ക് സന്ദേശമയക്കുന്നത്. ഈ സമ്മാനം കൈപ്പറ്റാന്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്.

ഹോര്‍ അല്‍ അന്‍സിലെ ഒരു അപാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഏപ്രില്‍ 30ന് ഈ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് 90 ഫോണുകള്‍, വന്‍ തോതില്‍ പണം, അനധികൃത കാര്‍ഡുകള്‍ എന്നിവയും പിടികൂടിയതായി ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രി.സാലിം ഖലീഫ അല്‍ റുമൈതി പറഞ്ഞു.

സന്ദര്‍ശക വിസയിലാണ് പ്രതികളെല്ലാം രാജ്യത്ത് എത്തിയത്. അറബിക് നന്നായി സംസാരിക്കാനറിയാവുന്ന ഒരാളായിരുന്നു പ്രധാന ആസൂത്രകാരനെന്ന് ആന്റി ഇക്കണമോകി ക്രൈംസ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ ബിന്‍ ഹമ്മാദ് പറഞ്ഞു. വ്യക്തികളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് ആദ്യമൊരാള്‍ ഇംഗ്ലീഷില്‍ സംസാരിക്കുകയും പിന്നീട് അറബി സംസാരിക്കുന്ന തലവന് ഫോണ്‍ കൈമാറുകയും ചെയ്യുക വഴി വിശ്വാസ്യത പിടിച്ചു പറ്റിയായിരുന്നു തട്ടിപ്പ്. ഇരകളുടെ ബേങ്ക് അക്കൗണ്ട് നമ്പറുകള്‍ സ്വന്തമാക്കി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരാളുടെ അക്കൗണ്ട് വഴി ആറ് മൊബൈല്‍ ഫോണുകള്‍ വാങ്ങിച്ചതായും ബിന്‍ ഹമ്മാദ് പറഞ്ഞു.