കനത്ത മഴ, ഇടിമിന്നല്‍; മുപ്പതിലേറെ മരണം

Posted on: May 13, 2018 7:28 pm | Last updated: May 14, 2018 at 10:07 am

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മുപ്പതിലേറെ പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായാണ് മരണം.

ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റും വീശി. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

പൊടിക്കാറ്റ് വീശിയതോടെ തലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് വീശിയത്. മണിക്കൂറില്‍ അമ്പത് മുതല്‍ എഴുപത് വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞയാഴ്ചയും ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. ഡല്‍ഹിയിലെ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിനുള്ള സാധ്യയുണ്ടെന്ന് നേരത്ത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആന്ധ്രാപ്രദേശില്‍ ഒമ്പത് പേര്‍ മിന്നലേറ്റ് മരിച്ചു. ശ്രീകാകുളം ജില്ലയില്‍ മാത്രം ഏഴ് പേരാണ് മിന്നലേറ്റ് മരിച്ചത്. പശ്ചിമ ബംഗാളില്‍ പന്ത്രണ്ട് പേരാണ് വിവിധ അപകടങ്ങളിലായി മരിച്ചത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.