ബാബു വധം: പിടിയിലായത് നവവരന്‍; വിവാഹം മുടങ്ങിയതില്‍ പ്രതിഷേധം

Posted on: May 13, 2018 3:59 pm | Last updated: May 14, 2018 at 10:06 am

കണ്ണൂര്‍: മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ വധിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജെറിന്‍ സുരേഷിനെ പോലീസ് കസ്റ്റിഡിയിലെടുത്തത് വിവാഹത്തിന് പുറപ്പെടുമ്പോള്‍. ജെറിന്റെ വിവാഹമായിരുന്നു ഇന്ന്. ഇതോടെ വിവാഹം മുടങ്ങി. പള്ളൂര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ജെറിന്റെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്.

ബാബു വധക്കേസില്‍ ആദ്യമായാണ് പോലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത്. മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബുവിനെ ഈ മാസം ഏഴിന് രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ക്ഷേത്രത്തിന് സമീപത്തുകൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ബാബുവിനെ വാഹനത്തിലെത്തിയ അക്രമികള്‍ ക്രൂരമായി വെട്ടുകയായിരുന്നു. കഴുത്തിനും കൈകള്‍ക്കുമാണ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റത്. ഉടനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതിന് പിന്നാലെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷമേജ് എന്നയാളും കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ബാബുവിനെ വെട്ടിയതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.