Connect with us

Kerala

എടപ്പാള്‍ തിയേറ്റര്‍ പീഡനം ഞെട്ടിക്കുന്നത്, പോലീസുകാരെ ശിക്ഷിക്കണം; ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
പീഡന ദൃശ്യങ്ങള്‍ കൈയ്യില്‍ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേര്‍ത്തുവയ്ക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നത്. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പി ശീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിയേറ്റര്‍ പീഡനം ഹൃദയഭേദകം…

ജമ്മുവിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ചവിട്ടിയരക്കപ്പെട്ട പൂപോലൊരു കൊച്ചു പെണ്‍കുട്ടിയുടെ മായാത്ത ചിത്രം സുമനസ്സുകളില്‍ പേടിസ്വപ്‌നമായി കത്തിനില്‍ക്കുമ്പോഴാണ് ആ മനുഷ്യമൃഗങ്ങളുടെ മനോഭാവമുള്ളവര്‍ ഇങ്ങ് കേരളത്തിലും പുതിയരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.എടപ്പാള്‍ ഗോവിന്ദ തീയേറ്ററില്‍ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പോലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്നമട്ടില്‍ പെരുമാറാന്‍ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ ശിക്ഷ താമസംവിനാ നല്‍കണം.
നിസ്സഹായയായ ഒരു കൊച്ചുപെണ്‍കുട്ടി ക്ക് അനുഭവിക്കേണ്ടി വന്ന പീഡയും വേദനയും സങ്കടവും ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.
ഈ ദൃശ്യങ്ങള്‍ കൈയ്യില്‍ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. പോലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നത്. അശരണരോടും പീഡിതരോടും ഒപ്പം നില്‍ക്കാതെയും സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ കാറ്റില്‍ പറത്തിയും കുറ്റവാളികളെ സഹായിക്കുന്ന ഇക്കൂട്ടര്‍ കുറ്റവാളികള്‍ തന്നെയാണ്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി മാതൃകാപരമാണ്.

ആരുമറിയാതെ പോകുമായിരുന്ന ഈ ഹീനകൃത്യം ബഹുജനശ്രദ്ധയില്‍ കൊണ്ടുവന്ന തിയേറ്റര്‍ മാനേജ്‌മെന്റ് അഭിനന്ദനം അര്‍ഹിക്കുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ നടന്ന കാര്യമായതിനാല്‍ കാര്യമാക്കേണ്ടതില്ല എന്ന ധാരണയാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ വച്ചുപുലര്‍ത്തിയത് എന്നുവേണം കരുതാന്‍. അമ്മയുടെ സമ്മതമുണ്ടെങ്കില്‍ അവരും കുറ്റവാളിയാണ്. അത് ഈ കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു.
സ്ത്രീ, അവള്‍ പിഞ്ചുകുട്ടിയായാലും യുവതിയാണെങ്കിലും വൃദ്ധയാണേലും ഉപഭോഗം ചെയ്യാനുള്ള ഉപകരണം മാത്രമാണെന്ന വികൃതവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവമാണ് ഇത്തരം
കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയാകാന്‍ കാരണം.
ഇക്കാര്യം പൊതുസംവാദത്തിനു വിധേയമാക്കണം. കഠിനമായ വിമര്‍ശനങ്ങളിലൂടെയും ആവശ്യമെങ്കില്‍ ശരിയായ ശിക്ഷണങ്ങളിലൂടെയും ഈ മനോനില മാറ്റിയെടുക്കണം.