പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊട്ടിക്കലാശം

Posted on: May 13, 2018 9:03 am | Last updated: May 13, 2018 at 12:54 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശക്കളി. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി 20 ടീമുകളും കളത്തിലറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി സൗതാംപ്ടണെയും ചെല്‍സി ന്യൂകാസില്‍ യുനൈറ്റഡിനേയും ആഴ്‌സണല്‍ ഹഡ്ഡര്‍ഫീല്‍ഡ് ടൗണിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്‌ഫോഡിനേയും നേരിടും. ലിവര്‍പൂളിന് ബ്രൈറ്റന്‍ ഹോവ് ആല്‍ബിയോണും ലെസ്റ്റിന് ടോട്ടനം ഹോട്‌സ്പറും സ്വാന്‍സിക്ക് സ്റ്റോക്ക് സിറ്റിയുമാണ് എതിരാളികള്‍.

37 മത്സരങ്ങളില്‍ 31ഉം ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി 97 പോയിന്റുമായി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിക്കഴിഞ്ഞു. 78 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന നാലിലെത്താന്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
74 പോയിന്റുള്ള ടോട്ടനവും 72 പോയിന്റുള്ള ലിവര്‍പൂളുമാണ് നിലവില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. 70 പോയിന്റുമായി ചെല്‍സിയാണ് അഞ്ചാം സ്ഥാനത്ത്. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ഉറപ്പാക്കാന്‍ ഒരു സമനില കൂടി മതി. എന്നാല്‍, ചെല്‍സിക്ക് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ കഴിയൂ.

തരംതാഴ്ത്തല്‍ ഭീഷണി
സ്റ്റോക്ക് സിറ്റിയും വെസ്റ്റ് ബ്രോംവിചും തരംതാഴ്ത്തപ്പെട്ടുകഴിഞ്ഞു. തരംതാഴ്ത്തപ്പെടുന്ന മൂന്നാമത്തെ ടീമിനെ ഇന്നറിയാം. 37 മത്സരങ്ങളില്‍ വെറും 33 പോയിന്റ് മാത്രമുള്ള സ്വാന്‍സി സിറ്റിയാണ് നിലവില്‍ തരംതാഴ്ത്തല്‍ ഭീഷണിയുള്ള ടീം.

സിറ്റി സെഞ്ച്വറി നേടുമോ?
പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ സ്വപ്‌നക്കുതിപ്പ് നടത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. അവസാന മത്സരത്തില്‍ ജയിച്ചാല്‍ നൂറ് പോയിന്റെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കാന്‍ സിറ്റിക്ക് കഴിയും.

ഗുഡ്‌ബൈ വെംഗര്‍
ആഴ്‌സണലില്‍ വെംഗര്‍ യുഗത്തിന് അവസാനം കുറിക്കുന്ന മത്സരം കൂടിയാണിത്. 22 വര്‍ഷം നീണ്ട ബന്ധത്തിന് വിരാമമിട്ടാണ് ആര്‍സെന്‍ വെംഗര്‍ പടിയിറങ്ങുന്നത്. ഒരു വര്‍ഷം കൂടി കരാര്‍ നിലനില്‍ക്കെയാണ് വെംഗര്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ആഴ്‌സണലിനെ മൂന്ന് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയ വെംഗര്‍ ഏഴ് എഫ് എ കപ്പുകള്‍ നേടിക്കൊടുത്തു.
1998, 2002 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടി ആഴ്‌സണല്‍ വെട്ടിത്തിളങ്ങിയത് പരിശീലകന്‍ എന്ന നിലയില്‍ വെംഗറുടെ കരിയറിന്റെ ഔന്നത്യമായിരുന്നു. ഒരിക്കല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ആഴ്‌സണലിനെ എത്തിച്ചതും വെംഗറുടെ പരിശീലക മികവായി. 1996 ഒക്ടോബര്‍ ഒന്നിനാണ് ആര്‍സെന്‍ വെംഗര്‍ ആഴ്‌സണലിന്റെ കോച്ചായെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ 826 മത്സരങ്ങളില്‍ ആഴ്‌സണലിനൊപ്പം തുടര്‍ന്ന വെംഗറാണ് ഏറ്റവും കൂടുതല്‍ കാലം പ്രീമിയര്‍ ലീഗ് പരിശീലകനായിരുന്ന വ്യക്തി.

റൂണിയുടെ
അവസാന മത്സരമോ
എവര്‍ട്ടന്‍ താരം വെയ്ന്‍ റൂണി ഇംഗ്ലീഷ് പ്രീ്മിയര്‍ ലീഗ് വിട്ട് അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അങ്ങനെയെങ്കില്‍ വെസ്റ്റ് ഹാമിനെതിരെ ഇന്ന് നടക്കുന്ന മത്സരം പ്രീമിയര്‍ ലീഗിലെ റൂണിയുടെ അവസാന കളി കൂടിയാകും. അമേരിക്കന്‍ സോക്കര്‍ ലീഗ് ടീമായ ഡിസി യുനൈറ്റഡിലേക്ക് ചേക്കേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.