ഉപരോധമെന്ന ബൂമറാംഗ്

കരാര്‍ ലംഘനം നടത്തി വിശ്വാസ്യത കളഞ്ഞ് കുളിച്ചത് അമേരിക്കയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ ട്രംപിന്റെ പുതിയ ഉപദേശകരായ ജോണ്‍ ബോള്‍ട്ടണ്‍, മൈക് പോംപോ, ജെയിംസ് മാറ്റിസ് ത്രയങ്ങള്‍ എത്ര കണ്ട് വാദിച്ചാലും ഈ സത്യം മറച്ച് വെക്കാനാകില്ല. ഉത്തര കൊറിയയുമായി കരാറിലെത്തി നൊബേല്‍ സമ്മാന ജേതാവായിക്കളയാമെന്ന് മനപ്പായസമുണ്ട് നടക്കുന്ന ട്രംപ് വലിയ കുഴിയിലാണ് വീണിരിക്കുന്നത്. ആണവ നിര്‍വ്യാപനത്തെ കുറിച്ച് മിണ്ടാനുള്ള ധാര്‍മിക അവകാശമാണ് ട്രംപ് ഇല്ലാതാക്കിയത്. ഇറാനുമായി ആണവ കരാറില്‍ എത്തിച്ചേര്‍ന്നത് അമേരിക്ക, യു കെ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നിവയുള്‍പ്പെടുന്ന ആറ് രാഷ്ട്ര സഖ്യമാണ്. ഈ രാജ്യങ്ങളെ കൂട്ടിയിണക്കിയത് യൂറോപ്യന്‍ യൂനിയനും. അമേരിക്ക പിന്‍വാങ്ങുന്നത് കൊണ്ടു മാത്രം കരാര്‍ നിഷ്ഫലമാകുന്നില്ല എന്നര്‍ഥം.
ലോക വിശേഷം
Posted on: May 13, 2018 6:01 am | Last updated: May 12, 2018 at 11:18 pm

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് പാലിക്കുക മാത്രമാണ് ഡൊണാള്‍ഡ് ട്രംപ് ചെയ്തത്. പറഞ്ഞ വാക്ക് പാലിക്കുന്ന ട്രംപിനെ വാഴ്ത്തുകയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു; അധികാരത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അത് പാലിച്ചു. ക്യൂബയുമായി ഒബാമയുണ്ടാക്കിയ നീക്കു പോക്കുകള്‍ പൊളിക്കുമെന്ന് സംവാദത്തില്‍ പറഞ്ഞു; അപ്പടി നടപ്പാക്കുന്നു. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആശങ്കകള്‍ വെറും അക്കാദമിക് ആശയങ്ങള്‍ മാത്രമാണെന്നും അങ്ങനെയൊന്ന് യഥാര്‍ഥത്തില്‍ ഇല്ലെന്നും ആക്രോശിച്ചയാളാണ് ഈ റിയല്‍ എസ്‌റ്റേറ്റ് വ്യവസായി. ‘ബരാക് ഒബാമ ഒപ്പുവെച്ച പാരീസ് ഉടമ്പടി അമേരിക്കയുടെ കുതിപ്പിനെ തളര്‍ത്തുന്നതാണ്. രാജ്യത്തിന് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന കരാറാണ് അത്. വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ സമ്പത്ത് കൊടുത്ത് തുലയ്ക്കുന്ന ഏര്‍പ്പാട്. ഞാന്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ വലിച്ചു കീറിയെറിയു’മെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു. ലോകമാകെ എതിര്‍ത്തിട്ടും ആ വാക്കും ആ മഹാനുഭാവന്‍ പാലിച്ചു.
ഇറാനുമായി ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവ കരാറില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്‍മാറ്റമാണ് ഈ ഇനത്തില്‍ ഏറ്റവും ഒടുവിലത്തേത്. ലോകത്തിന്റെ പൊതു ധാരയില്‍ നിന്ന് തെറിച്ചു നില്‍ക്കുകയും ഒരു അന്താരാഷ്ട്ര തീരുമാനത്തെയും അംഗീകരിക്കാതിരിക്കുകയും ചെയ്യുകയെന്ന ധാര്‍ഷ്ട്യം ഡൊണാള്‍ഡ് ട്രംപിലൂടെ വീണ്ടും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ സി പി എ) എന്ന് സാങ്കേതികമായി വിളിക്കുന്ന കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ മൂന്ന് കാരണങ്ങളാണ് ട്രംപ് മുന്നോട്ട് വെക്കുന്നത്. ഒന്ന്, കരാര്‍ നീതിയുക്തമല്ല; ആണവായുധം കരസ്ഥമാക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്നതിന് കരാര്‍ പര്യാപ്തവുമല്ല. രണ്ട്, ഇറാന്‍ തിന്‍മകളുടെ അച്ചു തണ്ടാണ്. മൂന്ന്, കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ ഇതിനകം ലംഘിച്ചു കഴിഞ്ഞിട്ടുണ്ട്. നാല്, ആണവ കരാറിന്റെ ഭാഗമായി ഉപരോധം നീങ്ങിയപ്പോള്‍ ലഭിച്ച ഫണ്ട് ആയുധം വികസിപ്പിക്കാനാണ് ഇറാന്‍ ഉപയോഗിച്ചത്. ഈ കാരണങ്ങളെ ഓരോന്നായി വിശകലനം ചെയ്ത് കൊണ്ടു മാത്രമേ ട്രംപിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.

നിയമപരമോ?

യൂറോപ്യന്‍ യൂനിയന്‍ നയമേധാവി ഫെഡറിക്കാ മൊഗേരിനിയുടെ പ്രതികരണം ഈ വിശകലനത്തില്‍ ഏറെ പ്രധാനമാണ്. ‘ഇറാന്‍ ആണവ കരാര്‍ ഒരു ഉഭയകക്ഷി കരാറല്ല. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുണ്ടാകാം. എന്നാല്‍ ആ രാജ്യത്തിന് മാത്രമായി കരാറിന്റെ ഭാവി നിര്‍ണയിക്കാവുന്ന നിലയിലല്ല അതുള്ളത്’. അമേരിക്ക പിന്‍വാങ്ങുന്നത് കൊണ്ടു മാത്രം കരാര്‍ നിഷ്ഫലമാകുന്നില്ല എന്നര്‍ഥം. കരാറിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നതിന് അമേരിക്കക്ക് മാത്രമായി അധികാരമില്ല എന്നതിനാല്‍ നീതിയുക്തമല്ലാത്ത കരാര്‍ എന്ന ട്രംപിന്റെ വാദം നിലനില്‍ക്കില്ല. ഇറാനുമായി ആണവ കരാറില്‍ എത്തിച്ചേര്‍ന്നത് അമേരിക്ക, യു കെ, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നിവയുള്‍പ്പെടുന്ന ആറ് രാഷ്ട്ര സഖ്യമാണ്. ഈ രാജ്യങ്ങളെ കൂട്ടിയിണക്കിയത് യൂറോപ്യന്‍ യൂനിയനും.

ട്രംപ് പറയുന്നത് തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. ഈ കരാര്‍ ഇറാന് ഒരു ഇളവും നല്‍കുന്നില്ല. ഹസന്‍ റൂഹാനിയെന്ന മിതവാദി പ്രസിഡന്റിന്റെ മുന്‍കൈയില്‍ നിലവില്‍ വന്ന കരാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണെന്ന വികാരം ഇറാനിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ എന്നും ശക്തമായിരുന്നു. തങ്ങളുടെ ആണവ പദ്ധതികള്‍ ആയുധ നിര്‍മാണത്തിനോ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചോ അല്ലെന്നും ഊര്‍ജ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. യു എന്‍ ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനകളിലൊന്നും അവിടെ ആണവായുധം നിര്‍മിക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും ഇറാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ചേരി ചെയ്തത്. ആണവ പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയ ഇറാന്‍ പാതി വഴിയില്‍ എല്ലാം ഉപേക്ഷിക്കുന്നത് അടിയറവ് പറയലാണെന്ന് അന്ന് വിലയിരുത്തപ്പെട്ടതാണ്.

എന്നാല്‍ റൂഹാനി കണ്ടത് മറ്റൊരു വശമായിരുന്നു. ആണവായുധ നിര്‍മാണശേഷി കൈവരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആ മേഖല അല്‍പ്പകാലം മരവിപ്പിച്ചു നിര്‍ത്തിയാലും, അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തോടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കരാര്‍ സഹായിക്കുകയും ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ട 80 ബില്യണ്‍ ഡോളര്‍ തിരിച്ചു കിട്ടുകയും ചെയ്യുമെന്ന് ഇറാന്‍ കണക്ക് കൂട്ടി. ഉപരോധം എണ്ണ കയറ്റുമതിയില്‍ വരുത്തിയ കുറവ് പരിഹരിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഉണര്‍വ് കൈവരുമെന്നും പ്രതീക്ഷിച്ചു. അന്താരാഷ്ട്ര അസ്പൃശ്യത നീക്കിക്കിട്ടാന്‍ ഒബാമ മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകരിക്കുകയാണ് ഇറാന്‍ ചെയ്തത്. ആറ് രാജ്യങ്ങളുടെയും അവയുടെ ബന്ധുരാജ്യങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന ഉറപ്പിന്‍മേലാണ് ഇറാന്‍ വഴങ്ങിയത്.

അതിനാല്‍, ഡൊണാള്‍ഡ് ട്രംപിന് നിയമപരമായി ചെയ്യാന്‍ സാധിക്കുമായിരുന്നത് ഒപ്പുവെച്ച രാജ്യങ്ങളുമായി കൂടിയാലോചിച്ച് കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയോ കര്‍ക്കശമാക്കുകയോ മാത്രമായിരുന്നു. ട്രംപിന്റെ പിന്‍മാറ്റത്തോട് ആറ് രാഷ്ട്ര സഖ്യത്തിലെ ഒരു രാജ്യവും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ട്രംപിനെ അനുനയിപ്പിക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചിരുന്നു താനും. യു എന്‍ സെക്രട്ടറി ജനറലും ട്രംപിന്റെ കാലു പിടിക്കും വിധം പ്രസ്താവന ഇറക്കിയിരുന്നു. മെച്ചപ്പെട്ട ഒരു കരാര്‍ മെയ് മാസത്തോടെ തന്റെ മുമ്പില്‍ വന്നില്ലെങ്കില്‍ പിന്‍മാറ്റം ഉറപ്പാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ട്രംപ് ചെയ്തത്. മനുഷ്യസാധ്യമല്ലാത്ത നിബന്ധന വെച്ച് പിന്‍മാറ്റത്തിന് കളമൊരുക്കുകയാണ് അവ്യവസ്ഥയുടെ ആള്‍രൂപമായ ട്രംപ് ചെയ്തത്.

അതുകൊണ്ട് ബ്രിട്ടനും റഷ്യക്കും ഫ്രാന്‍സിനും ചൈനക്കും ജര്‍മനിക്കും കരാറുമായി മുന്നോട്ട് പോകാവുന്നതാണ്. യു എന്നിന്റെ പിന്തുണ അതിനുണ്ടാകുകയും ചെയ്യും. ഈ രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ തങ്ങളുടെ ആണവ പരിപാടികള്‍ ക്രമീകരിക്കാന്‍ ഇറാന്‍ തയ്യാറാകുകയും അമേരിക്ക ചുമത്തുന്ന പുതിയ ഉപരോധങ്ങളെ നേരിടാന്‍ പഞ്ചരാഷ്ട്ര സഖ്യം ശിയാ രാഷ്ട്രത്തെ സഹായിക്കുകയും ചെയ്താല്‍ ഈ കരാര്‍ നിലനില്‍ക്കുക തന്നെ ചെയ്യും. ആണവ കരാറിന് ശേഷം നിരവധി യൂറോപ്യന്‍ കമ്പനികള്‍ ഇറാനുമായി കൂറ്റന്‍ വ്യാപാര, നിക്ഷേപ ഉടമ്പടികളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇവയില്‍ പലതും ഇറാനിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉപേക്ഷിച്ച് ട്രംപിനോട് അണി ചേരാന്‍ തയ്യാറല്ലെന്ന് ഈ കമ്പനികള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ട്രംപിന് എന്തും പറയാം. അയാള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നാണ് ഫ്രഞ്ച് ധനകാര്യ മന്ത്രാലയത്തിലെ വിദഗ്ധന്‍ പ്രതികരിച്ചത്.

ഇറാനെന്ന തിന്‍മ

പശ്ചിമേഷ്യയിലാകെയും അറബ് മേഖലയില്‍ പ്രത്യേകിച്ചും ശിയാ രാഷ്ട്രം നിരവധി കുത്തിത്തിരിപ്പുകള്‍ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഇറാഖിനെ ശിഥിലമാക്കിയതിലും യമനെ സംഘര്‍ഷ ഭൂമിയാക്കിയതിലും സഊദിയില്‍ ഇടക്കിടക്ക് അശാന്തി പടര്‍ത്തുന്നതിലുമൊക്കെ ഇറാന്റെ വംശീയ പ്രേരിതമായ ഇടപെടലുകള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. ആ നിലക്ക് ഇറാന്‍ നിഗൂഢമായ താത്പര്യങ്ങളുടെ കേന്ദ്രം തന്നെയാണ്. അത്തരമൊരു രാജ്യത്തോട് എങ്ങനെയാണ് മറ്റുള്ളവര്‍ ഇടപഴകേണ്ടത്? കൂടുതല്‍ ഒറ്റപ്പെടുത്തി, രക്തസാക്ഷി പരിവേഷം നല്‍കുകയാണോ വേണ്ടത്? അതോ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് വെളിച്ചത്തില്‍ നിര്‍ത്തുകയോ? ഈ ചോദ്യത്തിന് ശരിയുത്തരം കണ്ടെത്താനാണ് ഒബാമ ശ്രമിച്ചത്. ഏറ്റുമുട്ടലിന് പകരം ഉള്‍ക്കൊള്ളലിന്റെ നയം അദ്ദേഹം പുറത്തെടുത്തു. ഇറാനെപ്പോലെയൊരു രാജ്യത്തിന്റെ വംശീയ പ്രതിനിധാനത്തെ മേഖലയിലെ പ്രതിസന്ധികളില്‍ ഗുണപരമായി ഉപയോഗിക്കാനാകുമോയെന്ന അന്വേഷണമാണ് ഒബാമ നടത്തിയത്. തീര്‍ച്ചയായും അതൊരു പരീക്ഷണമായിരുന്നു.

എന്നാല്‍ ട്രംപ് ചെയ്യുന്നതോ? ശത്രുത മാത്രമാണ് അദ്ദേഹം പ്രസരിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകളോടുള്ള ശത്രുതയാണ് ഒരു കാലത്ത് അമേരിക്കയുടെ ആന്തരിക പ്രചോദനമായി പ്രവര്‍ത്തിച്ചത്. പിന്നീട് അത് ഇസ്‌ലാമിനോടുള്ള ശത്രുതയായി. ശത്രുതാ പ്രഖ്യാപനങ്ങളില്ലാതെ ഒരു അമേരിക്കന്‍ നേതാവിനും ആഭ്യന്തര വെല്ലുവിളികള്‍ നേരിടാനാകില്ല. ട്രംപിനെപ്പോലെ ഭ്രാന്തമായ പ്രത്യയ ശാസ്ത്രമുള്ള ഒരാള്‍ വരുമ്പോള്‍ അത്തരം ശത്രുതകള്‍ കത്തിക്കയറുമല്ലോ. ഇറാനെ കൊടിയ തിന്‍മയായി പ്രഖ്യാപിക്കുക വഴി ശത്രുതയുടെ പുതിയ അധ്യായം തുറക്കുകയാണ് അദ്ദേഹം. ഇതില്‍ ഒരേ സമയം ഇസ്‌റാഈലിനെയും സഊദിയെയും അദ്ദേഹം തൃപ്തിപ്പെടുത്തുന്നു. ഭൂമുഖത്ത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത രാജ്യമാണ് ഇസ്‌റാഈലെന്ന് വെട്ടിത്തുറന്ന് പറഞ്ഞത് ഇറാന്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദാണ്. ഇറാന്‍ ആണവ ശക്തിയാകുന്നതില്‍ ഏറ്റവും വലിയ വേവലാതി സ്വാഭാവികമായും ഇസ്‌റാഈലിനായിരിക്കും. സ്വയം ആണവ ശക്തിയായിക്കഴിഞ്ഞ ഒരു രാജ്യത്തിനും മറ്റൊരു രാജ്യം അത് ആര്‍ജിക്കുന്നത് സഹിക്കാനാകില്ല. ഇറാനുമായി ശാത്രവം പ്രഖ്യാപിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സഊദിയും ഇസ്‌റാഈലുമായി സൗഹൃദം സംഭവിക്കുന്നുവെന്ന് കാണണം. ശിയാ രാഷ്ട്രത്തെ മുന്‍ നിര്‍ത്തി ഇസ്‌റാഈല്‍ ഉത്പാദിപ്പിച്ച ഭീതി അത്രമേല്‍ ശക്തമാണ്.

കരാര്‍ ലംഘനം

2015ല്‍ നിലവില്‍ വന്ന കരാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ ഇറാന്‍ ലംഘിച്ചിരുന്നുവെന്ന നുണയാണ് ട്രംപിന്റെ മറ്റൊരു തുരുപ്പ് ചീട്ട്. മൊസാദിന് കിട്ടിയെന്ന് അവകാശപ്പെടുന്ന രഹസ്യ രേഖയാണ് ഇതിന് ആധാരം. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിയെന്ന് പറയുന്ന ഇറാന്‍ രഹസ്യമായി ആണവ പരിപാടി മുന്നോട്ട് കൊണ്ടു പോകുന്നുവെന്നാണ് മൊസാദ് കണ്ടെത്തിയ രേഖകളില്‍ പറയുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇത് പുറത്ത് വിട്ടത്. ട്രംപ് ഭരണകൂടം അത് അപ്പടിയെടുത്ത് വിഴുങ്ങി. എന്നാല്‍ ഈ രേഖകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ആണവ ഏജന്‍സി റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചവയാണെന്ന് പിന്നീട് തെളിഞ്ഞു. ഗീബല്‍സിയന്‍ തന്ത്രം കൈയോടെ പിടികൂടിയ മാധ്യമങ്ങള്‍ തെളിവ് സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ വാദം നനഞ്ഞ പടക്കമാകുകയായിരുന്നു.

സത്യത്തില്‍ കരാര്‍ ലംഘനം നടത്തി വിശ്വാസ്യത കളഞ്ഞ് കുളിച്ചത് അമേരിക്കയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ ട്രംപിന്റെ പുതിയ ഉപദേശകരായ ജോണ്‍ ബോള്‍ട്ടണ്‍, മൈക് പോംപോ, ജെയിംസ് മാറ്റിസ് ത്രയങ്ങള്‍ എത്ര കണ്ട് വാദിച്ചാലും ഈ സത്യം മറച്ച് വെക്കാനാകില്ല. ഉത്തര കൊറിയയുമായി കരാറിലെത്തി നൊബേല്‍ സമ്മാന ജേതാവായിക്കളയാമെന്ന് മനപ്പായസമുണ്ട് നടക്കുന്ന ട്രംപ് വലിയ കുഴിയിലാണ് വീണിരിക്കുന്നത്. സ്വതവേ സംശയാലുവായ ഉ. കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പോയിട്ട് അങ്ങേയറ്റം ശുഭാപ്തി വിശ്വാസിയായ ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പോലും ട്രംപിനെ ഇനി വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ആണവ നിര്‍വ്യാപനത്തെ കുറിച്ച് മിണ്ടാനുള്ള ധാര്‍മിക അവകാശമാണ് ട്രംപ് കളഞ്ഞുകുളിച്ചത്.

സാധ്യതകള്‍

രണ്ട് സാധ്യതകളേ മുന്നിലുള്ളൂ. ഒന്ന്, നേരത്തേ സൂചിപ്പിച്ചത് പോലെ, യൂറോപ്പും റഷ്യയും ചൈനയും ചേര്‍ന്ന് കരാര്‍ മുന്നോട്ട് കൊണ്ടുപോകുക. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധം ലംഘിച്ച് ഈ രാജ്യങ്ങള്‍ ഇറാനുമായി എല്ലാ തരത്തിലുള്ള ബന്ധവും തുടരും. അമേരിക്ക അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുന്നത് അപ്പോഴായിരിക്കും. ഇറാനെ തൊടുന്നവരുടെ മുഴുവന്‍ പിറകേ ചെന്ന് ശിക്ഷിക്കാന്‍ ട്രംപിനാകുമോ? കാര്യങ്ങള്‍ ഇപ്പോള്‍ പഴയപോലെയല്ലെന്ന് ചൈനയുമായുള്ള വ്യാപാര വടംവലിയില്‍ അമേരിക്കക്ക് ബോധ്യപ്പെട്ടതാണ്. ഉപരോധിച്ച് രസിക്കുന്ന അമേരിക്കയെ ഉപരോധിക്കുന്ന സ്ഥിതിയാകും സംജാതമാകുക. അങ്ങോട്ടെറിഞ്ഞാല്‍ ഇങ്ങോട്ട് വന്ന തറക്കുന്ന ബൂമറാംഗ്.

രണ്ട്, കരാറില്‍ നിന്ന് പുറത്ത് കടക്കുന്ന ഇറാന്‍ കൈവിട്ട കളിക്ക് മുതിരുമെന്നതാണ്. റൂഹാനിയെ മറികടന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയും സംഘവും ആണവ പരിപാടിയുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് പോകും. ഇത് മേഖലയില്‍ വലിയ അശാന്തിയാകും പടര്‍ത്തുക. എവിടെയും ഇറാനെ നേരിടുകയെന്ന അജന്‍ഡയിലേക്ക് മറ്റ് രാജ്യങ്ങള്‍ നീങ്ങും. ഈ ദുരവസ്ഥ അമേരിക്കക്കും ഇസ്‌റാഈലിനും സന്തോഷദായകമായിരിക്കും. അവര്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയൊരു കുളം കലക്കലാണ്.ഭ