സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ചെന്നിത്തല; എവി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

Posted on: May 12, 2018 11:57 am | Last updated: May 12, 2018 at 1:07 pm

തിരുവനന്തപുരം: സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്പിമാരെ സ്ഥലം മാറ്റുന്നത് രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ്. ജില്ലയിലെ പോലീസുകാരെ നിയന്ത്രിക്കാനുള്ള എസ്പിമാരുടെ അധികാരവും ചുമതലയും നഷ്ടപ്പെട്ടു. ദുഷ്‌പേരുള്ള ഉദ്യോസ്ഥരെ ക്രമസമാധാനത്തിനായി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പൂര്‍ണപരാജയമാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു. പോലീസ് അസോസിയേഷനാണ് പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത്.

പോലീസ് സ്‌റ്റേഷനില്‍ മൂന്നാമുറയും അഴിമതിയും വ്യാപകമായി നടക്കുന്നു. പോലീസിന്റെ തലപ്പത്ത് ജനങ്ങള്‍ക്ക് വിശ്വാസമുള്ള ആരുമില്ല. മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എവി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.