ഉന്നാവോ: ബി ജെ പി. എം എല്‍ എക്കെതിരായ ആരോപണം സി ബി ഐ സ്ഥിരീകരിച്ചു

പോലീസിന്റെ ഇടപെടലും അന്വേഷിക്കുന്നു
Posted on: May 12, 2018 6:12 am | Last updated: May 12, 2018 at 12:16 am

ലക്‌നോ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരായ കുറ്റാരോപണം സി ബി ഐ സ്ഥിരീകരിച്ചു. എം എല്‍ എയുടെ സ്വാധീനം കാരണം യുവതിയുടെ മെഡിക്കല്‍ പരിശോധന വൈകിച്ചതില്‍ ലോക്കല്‍ പോലീസിന്റെ പങ്കും സി ബി ഐ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എം എല്‍ എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെങ്കാര്‍ ബലാത്സംഗം ചെയ്തതെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് സെങ്കാറിന്റെ വനിതാ സഹായി ശാശി സിംഗ് മുറിക്ക് പുറത്ത് കാവല്‍ നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെങ്കാറും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജൂണ്‍ 11ന് മൂന്ന് യുവാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു. ഒമ്പത് ദിവസത്തോളം വാഹനത്തില്‍ പൂട്ടിയിടുകയും ചെയ്തു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തി. വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതിലും വീഴ്ച വരുത്തിയെന്നും ഇത് പ്രതികളെ സംരക്ഷിക്കുന്നതിനായിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് സി ബി ഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഇരയുടെ പരാതി രജിസ്റ്റര്‍ ചെയ്യാനും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചിരുന്നു. പോലീസിന്റെ നിസ്സംഗതയെ അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം നിശിതമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരസിച്ചതിനാല്‍ ഔദ്യോഗിക വസതിക്ക് മുന്നില്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് ശേഷം 17 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷമാണ് സെങ്കാറിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.

ബി ജെ പി. എം എല്‍ എയുടെ മകന്‍ ബലാത്സംഗം ചെയ്തുവെന്ന്

ഷാജഹാന്‍പൂര്‍: ഉത്തര്‍ പ്രദേശിലെ ബി ജെ പി. എം എല്‍ എയുടെ മകന്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി. ഈ മാസം 21നകം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സ്വയം തീ കൊളുത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് 28കാരിയുടെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയരുമായി ഒത്തുതീര്‍പ്പിലെത്താന്‍ രണ്ട് ദിവസമായി സമ്മര്‍ദവും ജീവന് തന്നെ ഭീഷണിയുമുണ്ടാകുന്നുവെന്നും യുവതി പറഞ്ഞു.
മകനെതിരായ ആരോപണം റോഷന്‍ലാല്‍ വര്‍മ എം എല്‍ എ നിഷേധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നീതി തേടി പല വാതിലുകളിലും മുട്ടിയെങ്കിലും നിഷ്ഫലമായിരുന്നെന്ന് യുവതി പറഞ്ഞു. എം എല്‍ എയുടെ മകന്‍ 2011ല്‍ ബലാത്സംഗം ചെയ്യുകയും തടവിലാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇത് പഴയ വിഷയമാണെന്നും പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും എം എല്‍ എ പറയുന്നു.