Connect with us

Gulf

അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനം സമാപിച്ചു

Published

|

Last Updated

അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിനെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്‍, ലബനാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്ലത്വീഫ് ദര്‍യാന്‍ എന്നിവര്‍ക്കൊപ്പം

അബൂദബി: യു എ ഇ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അബൂദബിയില്‍ നടന്ന അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനത്തിന് പ്രൗഢ സമാപനം. യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പതിനൊന്ന് സെഷനുകളിലായി സംഘടിപ്പിച്ച സമ്മേളനത്തില്‍ 140 രാഷ്ട്രങ്ങളില്‍ നിന്നുള്ള 550 പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. വെനിസ്വേല, വിയറ്റ്‌നാം തുടങ്ങി മുസ്‌ലിംകള്‍ തീരെ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ നിന്ന് വരെയുള്ള പ്രതിനിധികള്‍ സമ്മേളനത്തിലുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഉന്നത സമിതികളില്‍ നേതൃത്വം അലങ്കരിക്കുന്നവര്‍, ബുദ്ധമതം, ക്രിസ്തുമതം തുടങ്ങിയ മതവിഭാഗങ്ങളുടെ നേതാക്കള്‍, വിവിധ സര്‍ക്കാറുകളില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍, അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതന്മാര്‍, ബുദ്ധിജീവികള്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വികാസത്തിനായി ഇടപെടുന്നവരുടെ കൂട്ടായ്മയായിമാറി സമ്മേളനം.

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക അന്താരാഷ്ട്ര ചാര്‍ട്ടറിനു സമ്മേളനം രൂപം നല്‍കി. ലോകത്ത് വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള പീഡനങ്ങളും അവഗണനകളും അഭിമുഖീകരിക്കുന്ന ന്യൂനപക്ഷങ്ങളെ സവിശേഷ ശ്രദ്ധയോടെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് അന്താരാഷ്ട്ര ചാര്‍ട്ടര്‍ ആവശ്യപ്പെട്ടു. പതിനാല് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ച ചാര്‍ട്ടറില്‍ അബൂദബി കേന്ദ്രമായി ന്യൂനപക്ഷ കാവലിനായി രൂപവത്കരിച്ച വേള്‍ഡ് കൗണ്‍സില്‍ ഓഫ് മുസ്‌ലിം മൈനോറിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ഈ സമ്മേളനന്തരമായി നടപ്പാക്കുന്ന ഭാവി പദ്ധതികളാണ് വിശദീകരിക്കുന്നത്.

മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അന്തരാഷ്ട്ര വേദിയായി ഈ കൗണ്‍സില്‍ പ്രവര്‍ത്തിക്കുമെന്നും എല്ലാ തരത്തിലുള്ള തീവ്രവാദ ഭീകരവാദ പ്രവണതകളെ എതിര്‍ക്കുമെന്നും ചാര്‍ട്ടറില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം ന്യൂനപക്ഷ മുസ്‌ലിംകളുടെ ധൈഷണികവും അക്കാദമികവുമായ മുന്നേറ്റം ശക്തിപ്പെടുത്താനും മറ്റു സമുദായ സംഘടനകളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനും നടപടികള്‍ സ്വീകരിക്കും. സമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തനമായി വാര്‍ക്ക്‌ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
സമാപന പരിപാടിക്ക് സമ്മേളനത്തിന്റെ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ. അലി റാഷിദ് അല്‍ നുഐമി, ഡോ. മുഹമ്മദ് ബച്ചാരി നേതൃത്വം നല്‍കി.

Latest