ഭൂമി പിളരുന്നതിന്റെ പൊരുളറിയാന്‍ വിദഗ്ധ സംഘമെത്തുന്നു

Posted on: May 11, 2018 9:15 pm | Last updated: May 12, 2018 at 12:08 pm

മലപ്പുറം: കോട്ടയ്ക്കല്‍ ക്ലാരിയില്‍ ഭൂമി പിളരുന്നതിന്റെ പൊരുളറിയാന്‍ വിദഗ്ധ സംഘമെത്തുന്നു. 70 മീറ്റര്‍ നീളത്തിലാണ് ഇവിടെ ഭൂമി വിണ്ടിട്ടുള്ളത്. ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തില്‍ (എന്‍സിഇഎസ്എസ്) നിന്നുള്ള വിദഗ്ധരാണ് അപൂര്‍വ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാനെത്തുന്നത്.

എന്‍സിഇഎസ്എസിന്റെ സഹായം തേടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്ഡിഎംഎ) നല്‍കിയ കത്തില്‍ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകും. മലപ്പുറം കലക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിഎംഎ, എന്‍സിഇഎസ്എസിന്റെ സഹായം തേടിയത്. 70 മീറ്ററും കടന്ന് ഭൂമി വിണ്ടുകൊണ്ടിരിക്കുകയാണ്.

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കഞ്ഞിക്കുഴിങ്ങര സ്‌കൂളിന് സമീപത്താണ് ഇതിന്റെ ഭാഗമായി വീടുകളില്‍ വിള്ളല്‍ അനുഭവപ്പെടുന്നത്. 2013 ഏപ്രില്‍ 14നാണ് ആദ്യം ഭൂമി നെടുകെ പിളര്‍ന്നത്. അര്‍ധരാത്രിയുണ്ടായ അസാധാരണ പ്രതിഭാസം ജനങ്ങളെ പരിഭ്രാന്തരാക്കി. എന്നാല്‍, ആശങ്കപ്പെെേടണ്ടന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ദിവസം കഴിയുംതോറും വിള്ളല്‍ കൂടിവരികയായിരുന്നു.