ഈ ബാഴ്‌സയെ തോല്‍പ്പിക്കാനാകില്ല !

Posted on: May 11, 2018 6:06 am | Last updated: May 11, 2018 at 1:51 am

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടര്‍ന്നപ്പോള്‍ റയല്‍ മാഡ്രിഡ് വീണു. ബാഴ്‌സ ഹോം ഗ്രൗണ്ടില്‍ 5-1ന് വിയ്യാറയലിനെ തകര്‍ത്തു കൊണ്ടാണ് ലാ ലിഗ സീസണിലെ മുപ്പത്താറാം റൗണ്ടിലും അപരാജിതരായി മുന്നേറിയത്. രണ്ട് മത്സരം കൂടി ജൈത്രയാത്ര തുടര്‍ന്നാല്‍ സീസണില്‍ തോല്‍വിയറിയാതെ കിരീടം നേടുന്ന രണ്ടാമത്തെ സ്പാനിഷ് ക്ലബ്ബ് എന്ന റെക്കോര്‍ഡ് ബാഴ്‌സക്ക് സ്വന്തമാകും.
ആദ്യം ഈ നേട്ടം സ്വന്തമാക്കിയത് റയല്‍ മാഡ്രിഡാണ്. 1931-32 സീസണിലായിരുന്നു അത്. എന്നാല്‍, അന്ന് പതിനെട്ട് മത്സരങ്ങളേ ലീഗില്‍ ഉണ്ടായിരുന്നുള്ളൂ.

റയല്‍ മാഡ്രിഡ് എവേ മാച്ചിലാണ് സെവിയ്യയോട് തോല്‍വി സമ്മതിച്ചത്. 3-2നാണ് സെവിയ്യയുടെ ജയം.
36 മത്സരങ്ങളില്‍ 90 പോയിന്റാണ് ബാഴ്‌സക്ക്. കിരീടം നേരത്തെ തന്നെ ഉറപ്പിച്ച ബാഴ്‌സലോണക്ക് പിറകിലുള്ളത് 75 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ്. മൂന്നാം സ്ഥാനത്തുള്ള റയലിന് 72 പോയിന്റ്. 67 പോയിന്റുമായി വലന്‍ഷ്യ നാലാം സ്ഥാനത്താണ്.

ബാഴ്‌സലോണക്കായി ഫിലിപ് കൊട്ടീഞ്ഞോ (11), പൗളീഞ്ഞോ (16), ലയണല്‍ മെസി (45) ആദ്യപകുതിയില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചു. ഉസ്മാന്‍ ഡെംബെലെ 87, 90+3 മിനുട്ടുകളില്‍ ഇരട്ട ഗോളുകള്‍ നേടി ജയം ഗംഭീരമാക്കി. വിയ്യാറയലിന്റെ ഏക ഗോള്‍ അമ്പത്തിനാലാം മിനുട്ടില്‍ സാന്‍സന്‍ നേടി.

റയലിനെതിരെ ഹോം ഗ്രൗണ്ട് ആനുകൂല്യം ശരിക്കും മുതലെടുത്ത സെവിയ്യ ആദ്യപകുതിയില്‍ 2-0ന് മുന്നില്‍ കയറി. ബെന്‍ യെഡര്‍ (26), ലായുന്‍ (45) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. എണ്‍പത്തിനാലാം മിനുട്ടില്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോളില്‍ റയല്‍ 3-0ന് പിറകിലായി. എന്നാല്‍, റയലിന്റെ ആവേശോജ്വലമായ തിരിച്ചുവരവ് വൈകിയ വേളയില്‍ ഉണ്ടായി. എണ്‍പത്തേഴാം മിനുട്ടില്‍ മയോറല്‍ ആദ്യ ഗോള്‍ മടക്കി. ഇഞ്ചുറി ടൈമിലെ അഞ്ചാം മിനുട്ടില്‍ റാമോസ് രണ്ടാം ഗോള്‍ മടക്കിയതോടെ കാണികള്‍ ത്രില്ലടിച്ചു. എന്നാല്‍, മൂന്നാം ഗോള്‍ മടക്കാനുള്ള സമയം റയലിന് മുന്നിലില്ലാതെ പോയി.