Connect with us

Sports

ഇറ്റലിയെ വിസ്മയിപ്പിച്ച് യുവെന്റസ്

Published

|

Last Updated

റോം: എ സി മിലാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് യുവെന്റസ് ഇറ്റാലിയന്‍ കപ്പില്‍ തുടരെ നാലാം വര്‍ഷവും മുത്തമിട്ടു.
ഇതോടെ, യുവെന്റസിന്റെ ഇറ്റാലിയന്‍ കപ്പ് നേട്ടം പതിമൂന്നായി. തുടരെ നാലാം സീസണിലും സീരി എ, ഇറ്റാലിയന്‍ കപ്പ് നേടി ഡബിള്‍ തികക്കാനിരിക്കുകയാണ് യുവെന്റസ്. ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഒരു പോയിന്റ് കൂടി മതി യുവെന്റസിന് തുടര്‍ച്ചയായ ഏഴാം സീരി എ കിരീടം സ്വന്തമാക്കാന്‍.

തുടരെ നാലാം സീസണിലും ഡബിള്‍ കിരീടം കൈവരിക്കുന്ന ആദ്യ ഇറ്റാലിയന്‍ ക്ലബ്ബായും യുവെന്റസിന് ചരിത്രം സൃഷ്ടിക്കാം.
കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ ആശങ്കകള്‍ അകറ്റിക്കൊണ്ട് രണ്ടാം പകുതിയിലാണ് യുവെന്റസ് നാല് ഗോളുകളും അടിച്ചത്.
ബെനാറ്റിയ (56,64), ഡഗ്ലസ് കോസ്റ്റ (61) എന്നിവരാണ് യുവെയെ മുന്നിലെത്തിച്ചത്. എഴുപത്താറാം മിനുട്ടില്‍ കാലിനിചിന്റെ സെല്‍ഫ് ഗോള്‍ മിലാന് നാണക്കേടിന്റെ പരാജയ മാര്‍ജിന്‍ സമ്മാനിച്ചു.
ഇറ്റാലിയന്‍ കപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് യുവെന്റസ് ചാമ്പ്യന്‍മാരായത് എന്ന പ്രത്യേകതയുണ്ട്. 1999 ല്‍ ഇറ്റാലിയന്‍ കപ്പില്‍ അരങ്ങേറിയ ജിയാന്‍ലൂജി ബുഫണായിരുന്നു യുവെന്റസിന്റെ വല കാത്തത്.

ഏഴ് വര്‍ഷമായി ഒരു കിരീട ജയം പോലുമില്ലാതെ വലയുകയാണ് എ സി മിലാന്‍.
പുതിയ കോച്ച് ഗെന്നാരോ ഗട്ടുസോക്കും മിലാനെ കപ്പ് വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ മിലാന്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയതോടെ മിലാന് താളം നഷ്ടമായി.

സീരി എയില്‍ ആറാം സ്ഥാനത്തായ എ സി മിലാന് അടുത്ത വര്‍ഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള ഏക അവസരം ഇറ്റാലിയന്‍ കപ്പ് വിജയികള്‍ക്കുള്ള യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ട് യോഗ്യതയായിരുന്നു. തോല്‍വിയോടെ അത് നഷ്ടമായി.മത്സരഫലം മിലാന്റെ പ്രകടനത്തിന്റെ ആകെത്തുകയല്ലെന്ന് കോച്ച് ഗട്ടൂസോ പറഞ്ഞു. പക്ഷേ, പിഴവുകള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നു. അത് മറച്ച് വെക്കാനാകില്ല – ഗട്ടുസോ ചൂണ്ടിക്കാട്ടി.

നാല്‍പതിനായിരത്തോളം വരുന്ന കാണികളെ ഈ വിധം നിരാശപ്പെടുത്തിയതില്‍ ഗ്ട്ടുസോ ക്ഷമ ചോദിച്ചു.
ഇറ്റാലിയന്‍ ഫുട്‌ബോളിലെ ഗോള്‍ വല കാക്കുന്നവരുടെ പോരാട്ടമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. ജിയാന്‍ലൂജി ബുഫണ്‍ ഇറ്റലിയുടെ ഇതിഹാസ ഗോളിയാണ്.

നാല്‍പത് വയസുള്ള ബുഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പത്തൊമ്പത് വയസുള്ള ഡൊന്നാരുമ അസൂറിപ്പടയുടെ ഭാവി ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് കാലെടുത്തു വെക്കുന്ന താരമാണ്.

മിലാന്റെ വല കാത്ത ഡൊന്നാരുമ കണ്ണീരോടെ ്ഗ്രൗണ്ട് വിട്ടപ്പോള്‍ വെറ്ററന്‍ ഗോളി ബുഫണ്‍ പ്രായത്തെ വെല്ലുന്ന മെയ് വഴക്കവുമായി ജേതാവിന്റെ മെഡല്‍ കഴുത്തിലണിഞ്ഞു. ഇറ്റലിയില്‍ പരിശീലകരിലെ സൂപ്പര്‍ താരപരിവേഷം മാസിമിലിയാനോ അലെഗ്രിക്കാണ്.

2011 ല്‍ എ സി മിലാന് സീരി എ കിരീടം നേടിക്കൊടുത്തതിന് ശേഷമാണ് മാസിമിലിയാനോ അലെഗ്രി യുവെന്റസിലെത്തിയത്.
രണ്ടിടത്തുമായി തുടരെ എട്ട് സീരി എ കിരീടങ്ങളാണ് അലെഗ്രി സ്വന്തമാക്കിയത്.

അലെഗ്രിയുടെ ഈ മികവ് ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണല്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയിലുണ്ട്.
ആര്‍സെന്‍ വെംഗര്‍ സീസണോടെ ആഴ്‌സണലിന്റെ ഐതിഹാസിക പരിശീലക കരിയറിന് അന്ത്യമിടുമ്പോള്‍ അതിനൊത്ത പകരക്കാരനെ പീരങ്കിപ്പട അന്വേഷിക്കുകയാണ്.

ഇറ്റാലിയന്‍ പരിശീലകരായ കാര്‍ലോ ആഞ്ചലോട്ടി, മുന്‍ ബാഴ്‌സ കോച്ച് ലൂയിസ് എന്റിക്വെ എന്നീ പേരുകള്‍ക്കൊപ്പം മാസിമിലിയാനോയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. ഇറ്റാലിയന്‍ കപ്പ് വിജയത്തോടെ സാധ്യതയേറുകയും ചെയ്തു.