Connect with us

International

മഹാതീര്‍ മുഹമ്മദ് തിരഞ്ഞെടുപ്പിലൂടെ വിജയം നേടുന്ന പ്രായമേറിയ രാഷ്ട്രീയ നേതാവ്

Published

|

Last Updated

ക്വലാലംപൂര്‍: മലേഷ്യയില്‍ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയുടെ 60 വര്‍ഷത്തെ അധികാരത്തിന് തിരശ്ശീല വീഴുമ്പോള്‍ അണിയറയില്‍ നിന്ന് വിജയത്തിന്റെ പുഞ്ചിരിയുമായി കടന്നുവരുന്നത് പ്രതിപക്ഷ നേതാവ് മഹാതീര്‍ മുഹമ്മദാണ്. ലോകത്ത് തിരഞ്ഞെടുപ്പിലൂടെ വിജയം നേടുന്ന ഏറ്റവും പ്രായമുള്ള നേതാവ് എന്ന വിശേഷണം ഇപ്പോള്‍ മഹാതീര്‍ മുഹമ്മദിന് സ്വന്തം. അദ്ദേഹത്തിന്റെ വിജയം 1957 മുതല്‍ അധികാരത്തിലുള്ള ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി(ബി എന്‍)യെ അപ്രസക്തമാക്കിയിരിക്കുകയാണ്. വിജയം ഉറപ്പായതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്.

അതെ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പാര്‍ട്ടി ഇത്രകാലം അധികാരത്തിലിരുന്നവരോട് പ്രതികാരം ചെയ്യില്ലെന്നും മറിച്ച് നിയമവാഴ്ച തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ 222 സീറ്റുകളില്‍ 113 സീറ്റുകളില്‍ വിജയമുറപ്പിച്ചു. ബി എന്‍ പാര്‍ട്ടിക്ക് 79 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അഴിമതിയും സ്വജനപക്ഷപാതവും നിയമങ്ങളുടെ ദുരുപയോഗവും നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനോട് ജനങ്ങള്‍ അകലാന്‍ കാരണമായി.

ബി എന്‍ സഖ്യകക്ഷികളുടെ നേതാവായിരുന്ന മഹാതീര്‍ മുഹമ്മദ് 1981 മുതല്‍ 2003 വരെ 22 വര്‍ഷം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ ഏഷ്യയിലെ പ്രബലശക്തിയായി മലേഷ്യ മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ നിയമങ്ങളുടെ പേരില്‍ അദ്ദേഹം തന്റെ രാഷ്ട്രീയ അധികാരികളെ ഒതുക്കുന്നത് നിത്യസംഭവമായി. ഡെപ്യൂട്ടി പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിനെ സ്ഥാനത്ത് നിന്ന് നീക്കുകയും പിന്നീട് അഴിമതിയുള്‍പ്പടെയുള്ള കേസുകളില്‍ ജയിലിലടക്കുകയും ചെയ്തു. 2008ലാണ് നജീബ് റസാഖ് പ്രധാനമന്ത്രിയാകുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു മഹാതീര്‍ മുഹമ്മദ്. എന്നാല്‍ പിന്നീട് നജീബ് റസാഖിനെതിരെ അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മഹാതീര്‍ 2016ല്‍ ബി എന്‍ സഖ്യം വിടുകയും പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേരുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ താന്‍ വീണ്ടും മത്സരരംഗത്തേക്ക് വരുന്ന കാര്യം അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.