Gulf
അറബ് ലോകത്തെ ഇന്ത്യന്‍ സമ്പന്നരെയും സി ഇ ഒമാരെയും ഫോബ്‌സ് ആദരിച്ചു

ദുബൈ: അറബ് ലോകത്തെ ഇന്ത്യന്‍ വാണിജ്യ പ്രമുഖരുടെയും ഉന്നത എക്‌സിക്യൂട്ടീവുകളുടെയും 2018ലെ പട്ടിക ഫോബ്സ് ആനുകാലികം ദുബൈയില്‍ പുറത്തു വിട്ടു.
യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരിയുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ് വാണിജ്യ വ്യവസായ രംഗത്തെ ഏറ്റവും കരുത്തന്‍. യൂണിലിവര്‍ എക്‌സി. വൈസ് പ്രസിഡന്റ് സഞ്ജീവ് കക്കാറാണ് ഉന്നത സി ഇ ഒ. ഇന്ത്യന്‍ ശത കോടീശ്വരന്മാര്‍ക്കു 2,640 കോടി ഡോളറിന്റെ ആസ്തി അറബ് ലോകത്തുണ്ടെന്നു ഫോബ്സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഖുലൂദ് അല്‍ ഓമിയന്‍ പറഞ്ഞു. ഡോ. ബി ആര്‍ ഷെട്ടി, ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എം ഡി ഷംലാല്‍ അഹ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദി ഫൈവ് പാം ജുമൈറ ദുബൈയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി മുഖ്യാതിഥിയായിരുന്നു. റീട്ടെയില്‍, ഇന്‍ഡസ്ട്രി, ആരോഗ്യ രംഗം, ബാങ്കിംഗ്, ഫിനാന്‍സ്, ട്രാവല്‍സ് തുടങ്ങിയ മേഖലകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച പ്രമുഖരാണ് ആദരിക്കപ്പെട്ടത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ 100 വാണിജ്യ പ്രമുഖരില്‍ 90 ശതമാനവും യു എ ഇയില്‍ നിന്നുള്ളവരാണ്. മലയാളികളുമാണ്. റീട്ടെയില്‍ വ്യവസായ രംഗത്ത് സൃഷ്ടിച്ച കുതിച്ചു കയറ്റം കണക്കിലെടുത്താണ് ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ ആറാം തവണയാണു യൂസുഫലിയെ ഫോബ്‌സ് ആദരിക്കുന്നത്. എന്‍ എം സി സ്ഥാപകനും ചെയര്‍മാനുമായ ബി ആര്‍ ഷെട്ടി, ആര്‍ പി ഗ്രൂപ്പ് എം ഡി രവി പിള്ള എന്നിവരും കുറേ കാലമായി കരുത്ത് നിലനിര്‍ത്തുന്നു.
ഈ വര്‍ഷത്തെ പട്ടികയില്‍ രണ്ടാം സ്ഥാനം ബി ആര്‍ ഷെട്ടിയും മൂന്നാം സ്ഥാനം രവി പിള്ളയും നേടി. സണ്ണി വര്‍ക്കി- അഞ്ച്, ഡോ. ഷംഷീര്‍ വയലില്‍- ആറ്, ജോയ് ആലുക്കാസ്- ഏഴ്, ബഷീര്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍- 10, തുംബൈ മൊയ്തീന്‍- 11, പി എന്‍ സി മേനോന്‍- 13, സി ജെ റോയ്- 14, ഡോ. ആസാദ് മൂപ്പന്‍- 15, ഷംലാല്‍ അഹ്മദ്- 16, അദീബ് അഹ്മദ്- 17, സിദ്ദീഖ് അഹ്മദ്- 20 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. സി ഇ ഒ മാരില്‍ അഞ്ചാം സ്ഥാനത്തു അബുദാബിയിലെ എന്‍ എം സി യുടെ പ്രശാന്ത് മങ്ങാട്ട്.
ഇന്ത്യക്കാരില്‍ പുതിയ തലമുറയിലെ വാണിജ്യ കരുത്തരില്‍ ഒന്നാം സ്ഥാനം ബി ആര്‍ ഷെട്ടിയുടെ മകനും ബി ആര്‍ എസ് വെഞ്ചേഴ്‌സ് വൈസ് പ്രസിഡന്റുമായ ബിനയ് ഷെട്ടിക്കാണ്. രണ്ടാം സ്ഥാനം ആര്‍ പി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഗണേഷ് രവി പിള്ളക്കാണ്. ദിനോ വര്‍ക്കി ജെംസ് ഗ്രൂപ്പ് -മൂന്ന്, ജോണ്‍ പോള്‍ ആലുക്കാസ് ജോയ് ആലുക്കാസ് -നാല്, ടി എന്‍ നിസാര്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ -എട്ട്, നവാസ് ബഷീര്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍- ഒമ്പത്, അലിഷാ മൂപ്പന്‍ ആസ്റ്റര്‍ -10 സ്ഥാനങ്ങളിലുണ്ട്.