കര്‍ണാടകയില്‍ ബി ജെ പി ജയിക്കും, സിദ്ധരാമയ്യ രണ്ടിടത്തും തോല്‍ക്കുമെന്ന് അമിത് ഷാ

Posted on: May 10, 2018 7:15 pm | Last updated: May 11, 2018 at 7:53 am

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 130ല്‍ അധികം സീറ്റുകള്‍ നേടുമെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമിത്ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. കര്‍ണാടകയിലെ വികസനം ബെംഗളൂരുവിലെ ട്രാഫിക് പോലെ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തോല്‍ക്കുമെന്നും ആരുടെയെങ്കിലും പിന്തുണ അഭ്യര്‍ഥിക്കേണ്ടതോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കേണ്ടതോ ആയ സാഹചര്യമുണ്ടാകില്ലെന്നും ഷാ പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യയുമൊത്ത് നേരത്തേ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വാര്‍ത്താ സമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിക്ക് 130 സീറ്റിലധികം ലഭിക്കുമെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു.