ഫ്രഞ്ച് കപ്പ് പി എസ് ജിക്ക്

Posted on: May 10, 2018 6:18 am | Last updated: May 10, 2018 at 12:58 am

പാരിസ്: ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് പിഎസ്ജി വീണ്ടും ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടു. ഇതോടെ സീസണില്‍ പിഎസ്ജിയുടെ കിരീട നേട്ടം നാലായി. ഫ്രഞ്ച് കപ്പിന്റെ കലാശപ്പോരില്‍ ലെസ് ഹെര്‍ബിയേര്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

ഫൈനലില്‍ ജിയോവാനി ലോ സെല്‍സോയും (26ാം മിനിറ്റ്) ഉറുഗ്വേ വെറ്ററന്‍ സ്‌െ്രെടക്കര്‍ എഡിന്‍സന്‍ കവാനിയുമാണ് (74) പിഎസ്ജിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ എതിരാളികള്‍ക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താനും പിഎസ്ജിക്ക് സാധിച്ചിരുന്നു.

ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ നാലാം സീസണിലാണ് പിഎസ്ജി കിരീടം നേടുന്നത്. 12 കിരീടം നേടിയ പിഎസ്ജിയുടെ പേരിലാണ് നിലവില്‍ ഫ്രഞ്ച് കപ്പില്‍ കൂടുതല്‍ ചാംപ്യന്‍മാരായ ടീമെന്ന റെക്കോഡ്. നേരത്തെ, സീസണില്‍ മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ഫ്രഞ്ച് ലീഗില്‍ (ലീഗ് വണ്‍) തുടര്‍ച്ചയായ അഞ്ചാം തവണയും പിഎസ്ജി ചാമ്പ്യന്‍മാരായിരുന്നു. കൂടാതെ സീസണിലെ ഫ്രഞ്ച് ലീഗ് കപ്പിലും (കോപ്പ ഡി ലാ ലിഗ്) സീസണിന് തുടക്കം കുറിക്കുന്ന വാര്‍ഷിക ടൂര്‍ണമെന്റായ ട്രോഫി ഡെസ് ചാമ്പ്യന്‍സിലും പിഎസ്ജി കിരീടം ചൂടിയിരുന്നു. അവസാനം കളിച്ച 42 ആഭ്യന്തര കപ്പ് മത്സരങ്ങളില്‍ പി എസ് ജി അപരാജിതരാണ്.