ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് നിരസിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

Posted on: May 10, 2018 6:15 am | Last updated: May 9, 2018 at 11:56 pm

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ യാത്രയയപ്പ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ തീരുമാനം. സുപ്രീം കോടതി ജഡ്ജിമാരില്‍ രണ്ടാമനായ ചെലമേശ്വറിനെ അനുനയിപ്പിക്കാനുള്ള നീക്കം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലവത്തായിട്ടില്ല. ജൂണ്‍ 22നാണ് ചെലമേശ്വര്‍ വിരമിക്കുന്നതെങ്കിലും ഈ മാസം 18 മുതല്‍ സുപ്രീം കോടതി വേനലവധിക്ക് അടക്കുകയാണ്. പിന്നീട് ജൂലൈ രണ്ടിനാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക. ഈ മാസം 18ന് ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തി ദിനമായിരിക്കും. ഈ സാഹചര്യത്തിലാണ് ബാര്‍ അസോസിയേഷന്‍ യാത്രയയപ്പിന് അദ്ദേഹത്തെ ക്ഷണിച്ചത്.

സുപ്രീം കോടതി ലോണില്‍ സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും മുഖ്യാതിഥി. വിരമിക്കുന്ന ജഡ്ജി ബാറിന് നല്‍കിയ സേവനം അറ്റോര്‍ണി ജനറല്‍ അനുസ്മരിക്കും. തുടര്‍ന്ന് മറുപടി പ്രസംഗവുമുണ്ടാകും. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനെതിരായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് ചടങ്ങ് ഏവരും ഉറ്റുനോക്കുന്നത്. ദീപക് മിശ്രക്കെതിരെ കോടതി ബഹിഷ്‌കരിച്ച് പുറത്തുവന്ന് വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് നേതൃത്വം നല്‍കിയത് ചെലമേശ്വറായിരുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത പ്രതിപക്ഷം പിന്നീട് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നിരുന്നു.