ഗുരുതരം ഈ പിഴവ്: ബരാക് ഒബാമ

Posted on: May 10, 2018 6:08 am | Last updated: May 9, 2018 at 11:10 pm

വാഷിംഗ്ടണ്‍: ഇറാനുമായി ധാരണയിലെത്തിയിരുന്ന ആണവ കരാറില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ തീരുമാനം ഗുരുതരമായ പിഴവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഫേസ്ബുക്കിലാണ് ട്രംപിന്റെ നടപടിയെ രൂക്ഷമായി എതിര്‍ത്ത് അദ്ദേഹം പ്രതിഷേധമറിയിച്ചത്. ആണവായുധങ്ങളുടെ വ്യാപനത്തേക്കാള്‍ അമേരിക്കയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില സുപ്രധാന വശങ്ങളുള്ളതിനാലാണ് അമേരിക്ക ഇറാനുമായി കരാറിലെത്താന്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ആ കരാര്‍ യാഥാര്‍ഥ്യമാകുകയും അതിന്റെ ഫലം അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങള്‍ക്കും സ്വതന്ത്ര ഗവേഷകര്‍ക്കും നിലവിലെ യു എസ് പ്രതിരോധ സെക്രട്ടറിക്കും ഈ അഭിപ്രായമുണ്ട്.

അമേരിക്കയുടെ താത്പര്യത്തിലാണ് അന്ന് കരാര്‍ നിലവില്‍ വന്നത്. നയതന്ത്ര നീക്കങ്ങളിലൂടെ നേടിയെടുക്കാവുന്ന വിജയത്തിന്റെ മികച്ച ഉദാഹരണവുമായിരുന്നു ആ കരാര്‍. ഉത്തര കൊറിയയുമായി നയതന്ത്ര നീക്കത്തിലൂടെ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയത് വലിയ നഷ്ടമാണുണ്ടാക്കുക. അതുകൊണ്ട് തന്നെയാണ് ട്രംപിന്റെ പ്രഖ്യാപനം തെറ്റാണെന്ന് പറയേണ്ടിവരുന്നത്. ഇത് വഴി അമേരിക്കയുടെ അടുത്ത സഖ്യരാഷ്ട്രങ്ങള്‍ പോലും പിന്തിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യമുണ്ടായി. ജനാധിപത്യ രാജ്യമാകുമ്പോള്‍ ഒരു ഭരണകൂടം മാറുമ്പോള്‍ ചിലപ്പോള്‍ അന്നുണ്ടായിരുന്ന നയങ്ങൡലും മാറ്റം സംഭവിക്കും. എന്നാല്‍ അമേരിക്കയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന നയങ്ങള്‍ ആരും സ്വീകരിക്കരുത്. തന്റെ കാലത്തുണ്ടായിരുന്ന ഭരണകൂടവും ഇറാനും തമ്മില്‍ മാത്രമുള്ളതായിരുന്നില്ല ആണവ കരാര്‍. വര്‍ഷങ്ങളായി തുടരുന്ന അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ ഫലമായാണ് അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും യൂറോപ്യന്‍ യൂനിയനും റഷ്യയും ചൈനയും ഇറാനും അതില്‍ പങ്കാളികളായിരുന്നു. വര്‍ഷങ്ങളായി ഇറാന്‍ ആണവ ശക്തിയായി വളര്‍ന്നുവരികയായിരുന്നു. ഒരു ആണവ ബോംബ് നിര്‍മിക്കാന്‍ മാത്രമുള്ള സാഹചര്യം ഇറാന്‍ സൃഷ്ടിച്ചെടുത്തിരുന്നു. അതുകൊണ്ടാണ് കരാര്‍ നിലവില്‍ വരാന്‍ മുന്‍കൈയെടുത്തത്. പ്രധാന റിയാക്ടര്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഇറാന്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതിലൂടെ യഥാര്‍ഥ ഫലം കൈവരിക്കാനും സാധിച്ചു. ഇറാന്‍ വഞ്ചിക്കുകയാണെങ്കില്‍ അത് ഉടന്‍ കണ്ടെത്താനുള്ള പരിശോധകരും നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇറാന്റെ ഭാഗത്തുനിന്ന് ലംഘനങ്ങളൊന്നും ഇല്ലാതിരിക്കെ, കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം ഗുരുതരമായ പിഴവാണെന്ന് സമ്മതിക്കേണ്ടിവരും- ഒബാമ പറഞ്ഞു.