ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം: യു എസ്- ഇ യു ബന്ധത്തില്‍ വിള്ളല്‍

Posted on: May 10, 2018 6:15 am | Last updated: May 9, 2018 at 11:09 pm

വാഷിംഗ്ടണ്‍ ഡി സി: ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയതോടെ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍വീഴുന്നു. അമേരിക്ക കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് ട്രംപിന്റെ നടപടിയിലൂടെ സംഭവിക്കാനിരിക്കുന്നതെന്നും രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നു. അമേരിക്കയുടെ വിദേശനയത്തില്‍ ഈ തീരുമാനം ക്രിയാത്മകമായ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും പ്രസിഡന്റ് വിവേകരഹിതമായ നടപടിയാണ് കൈക്കൊണ്ടതെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ നയത്തെ പിന്താങ്ങി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രം രംഗത്തുവന്നപ്പോള്‍ മറ്റു പലരും ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. 2015ല്‍ ഇറാനുമായി ധാരണയിലെത്തിയ ആണവ കരാര്‍ പശ്ചിമേഷ്യയിലെ ചില പ്രതിസന്ധികള്‍ക്ക് പരിഹാരമായിരുന്നുവെന്നും എന്നാല്‍ യു എസിന്റെ പുതിയ തീരുമാനം എല്ലാം തകിടം മറിക്കുകയാണെന്നും ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ വിമര്‍ശിച്ചു. ആണവ കരാറുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് ഡെമോക്രാറ്റ് മുതിര്‍ന്ന നേതാവ് ചക് ഷൂമര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യൂറോപ്യന്‍ യൂനിയനും അമേരിക്കയുടെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. മറ്റു കക്ഷികളുമായി യോജിച്ച് ആണവകരാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. ഏതെങ്കിലും രണ്ട് രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെട്ടതല്ല ആണവ കരാറെന്നും ഏതെങ്കിലും ഒരു രാജ്യം കരാറില്‍ നിന്ന് പുറത്തുപോയാല്‍ കരാര്‍ ഇല്ലാതാകില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ മുതിര്‍ന്ന അംഗം ഫെഡറിക്ക മൊഗേരിനി പറഞ്ഞു. ആണവ കരാറിലെ ധാരണകളുമായി ഇറാന്‍ മുന്നോട്ടുപോകുന്ന കാലത്തോളം യൂറോപ്യന്‍ യൂനിയനും കരാറില്‍ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അമേരിക്കയുടെ നിലപാടിനെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മനിയും ബ്രിട്ടനും രംഗത്തെത്തിയിരുന്നു. അമേരിക്ക കരാറില്‍ നിന്ന് പിന്മാറിയാലും കരാറില്‍ ഉറച്ചുനില്‍ക്കുമെന്നും ഈ മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനിലെ വിവിധ നേതാക്കള്‍ ആണവകരാറില്‍ അമേരിക്കയെ ഉറപ്പിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ട്രംപിന് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ആണവകരാറില്‍ നിന്ന് പിന്മാറുന്നതിന് അമേരിക്കക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത് ഇസ്‌റാഈല്‍ മാത്രമാണ്. കഴിഞ്ഞ ദിവസമാണ് ട്രംപ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇറാനെതിരെ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ ആണവ കരാര്‍ എന്ത്?

ഇറാനുമായി 2015ല്‍ യൂറോപ്യന്‍ യൂനിയനും യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളും ധാരണയിലെത്തി. ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ സി പി ഒ എ)എന്ന പേരിലും കരാര്‍ അറിയപ്പെടുന്നു. ഇറാന്റെ ആണവകഴിവുകള്‍ പരിമിതപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കരാറനുസരിച്ച് ഇറാന്‍ ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തും. സമ്പുഷ്ടീകരണ പ്രക്രിയകള്‍ നടന്നിരുന്ന പ്രദേശം ഗവേഷണത്തിന് വേണ്ടി ഉപയോഗിക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏന്‍സി(ഐ എ ഇ എ)യെ പരിശോധനക്ക് അനുവദിക്കുകയും ചെയ്യും. ഇതിന് പ്രതിഫലമായി ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളില്‍ വന്‍ ഇളവുകള്‍ വരുത്തുകയും ചെയ്യും.

എണ്ണ വില കുതിക്കും

തെഹ്‌റാന്‍: സഊദി അറേബ്യക്കും ഇറാഖിനും ശേഷം ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറാന്‍. ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ മൂലം കയറ്റുമതി ദിനംപ്രതി പത്ത് ലക്ഷം ബാരല്‍ കുറഞ്ഞിരുന്നു. എന്നാല്‍ 2016ല്‍ ഉപരോധം പിന്‍വലിച്ചതോടെ പ്രധാന എണ്ണകയറ്റുമതി രാജ്യമായി ഇറാന്‍ തിരിച്ചെത്തി. ജനുവരി- മാര്‍ച്ച് മാസത്തിനിടെ 20 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്തത്. ആണവ കരാറില്‍ നിന്ന് പിന്മാറിയതോടെ എണ്ണവില കഴിഞ്ഞ ദിവസത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധിച്ചു. ക്രൂഡ് ഓയിലിന്റെ വിലയിലും വന്‍ കുതിപ്പുണ്ടായി. 2014 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയാണ്(ബാരലിന് 77.20 ഡോളര്‍) ക്രൂഡ് ഓയിലിന് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വില കൂടിയതോടെ എണ്ണ വിഷയത്തില്‍ ഇറാനെ കൂടുതല്‍ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണക്ക് വില കൂടും. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.