Connect with us

International

എതിര്‍പ്പും രോഷവും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍; കൈയടിച്ച് ഇസ്‌റാഈല്‍

Published

|

Last Updated

പാരീസ്: ആണവ കരാറില്‍ നിന്ന് യു എസ് പിന്മാറിയതിനെ തുടര്‍ന്ന് പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള ലോക രാഷ്ട്രങ്ങളുടെ പ്രതികരണങ്ങള്‍ താഴെ:

ചൈന: ആണവ കരാര്‍ നിലനിന്നുപോകാനും അതിനെ സംരക്ഷിക്കാനും ചൈന പ്രതിജ്ഞാബന്ധമാണ്. ഇറാനുമായുള്ള ആണവ കരാര്‍ ഇല്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമാണ് കരാറുമായി തുടര്‍ന്നുപോകുകയെന്നത്. ഏറ്റുമുട്ടുന്നതിനേക്കാള്‍ മികച്ച വഴി കൂടിയാലോചനകളും ചര്‍ച്ചകളുമാണെന്നും ചൈനയുടെ പശ്ചിമേഷ്യന്‍ പ്രതിനധി ഗോംഗ് ഷിയോസ്‌ഷെംഗ് പറഞ്ഞു.

റഷ്യ: അമേരിക്ക പിന്മാറിയാലും ആണവ കരാറില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് തീരുമാനം. ഉത്തര കൊറിയയുമായി ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന സമാധാന ചര്‍ച്ചകളെ ട്രംപിന്റെ അപകടകരമായ ഈ തീരുമാനം ബാധിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ യേവ്ഗനി സെറെബ്രനികോവ് പറഞ്ഞു.

ഇസ്‌റാഈല്‍: അപകടകരമായ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ ഉറച്ച തീരുമാനത്തിന് എല്ലാ പിന്തുണയും നല്‍കുന്നു. തുടക്കം മുതല്‍ ഇസ്‌റാഈല്‍ ഈ കരാറിനെ എതിര്‍ത്തിരുന്നു. കരാര്‍ ഇറാനെ യഥാര്‍ഥത്തില്‍ ആണവായുധ നിര്‍മാണത്തിലേക്കാണ് നയിക്കുന്നത്. ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിച്ചത് മാരകമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
സഊദി അറേബ്യ: ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തലും അനിവാര്യമായിരിക്കുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു എ ഇയും ബഹ്‌റൈനും ട്രംപിന്റെ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യുനൈറ്റഡ് നാഷന്‍: ട്രംപിന്റെ തീരുമാനത്തില്‍ ഏറെ ആശങ്കപ്പെടുന്നു. കരാറില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങള്‍ ഉറച്ചുനില്‍ക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് പ്രസ്താവിച്ചു.

ആസ്‌ത്രേലിയ: ആണവ കരാറില്‍ നിന്ന് പിന്മാറിയതിലുള്ള തങ്ങളുടെ എതിര്‍പ്പ് ആസ്‌ത്രേലിയ അമേരിക്കയെ അറിയിച്ചു. എല്ലാവരും ശക്തമായി പ്രതികരിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.

തുര്‍ക്കി: നിര്‍ഭാഗ്യകരമായ ചുവടുവെപ്പാണ് ട്രംപിന്റെ ഭാഗത്തുനിന്ന് സംഭവിച്ചിരിക്കുന്നത്. ആണവവ്യാപനം തടയാനുള്ള സുപ്രധാന നീക്കമായിരുന്നു ആണവ കരാര്‍. എല്ലാ നിലയിലും ഈ കരാര്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴി വ്യക്തമാക്കി.