ഉത്തരേന്ത്യന്‍ യാചക സംഘങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന്; അന്വേഷണം ആരംഭിച്ചു

Posted on: May 9, 2018 8:19 pm | Last updated: May 10, 2018 at 9:35 am

കൊല്ലം: റമളാന്‍ കാലമായതിനാല്‍ യാചകവേഷത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും പൊതുജനം ജാഗ്രതപാലിക്കണമെന്നും പോലീസിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പോലീസ്. ഇത്തരത്തിലുള്ള ഒരു സന്ദേശവും കേരളാ പോലീസ് നല്‍കിയിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് രാജശേഖരന്‍ അറിയിച്ചു.

വ്യാജ സന്ദേശത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ നേരത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരള പോലീസ് ലെറ്റര്‍ പാഡ് പോലോത്ത പേപ്പറിലാണ് സന്ദേശമുള്ളത്. പോലീസിന്റെ സീലും ലോഗോയും ഉണ്ട്. പക്ഷെ സീലില്‍ കൊടുത്തിട്ടുള്ള തീയതി 16.08.2018 എന്നാണ്. ഒറ്റ നോട്ടത്തില്‍ പോലീസിന്റെ ലെറ്റര്‍ പാഡാണെന്ന് തോന്നിപ്പിക്കുമെങ്കിലും സൂക്ഷ നിരീക്ഷണത്തില്‍ തീയതിയിലെ പ്രശ്‌നം കണ്ടെത്തിയാല്‍ വ്യാജമെന്ന് ഉറപ്പിക്കാം.

വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങള്‍ മുന്‍പിന്‍ നോക്കാതെ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ തിടുക്കം കൂട്ടുന്നതുമൂലമാണ് ഇത്തരം അമളികള്‍ പിണയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രചരിച്ചിരുന്ന നിരവധി സന്ദേശങ്ങള്‍ ഇപ്പോഴും സോ്ഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതും ഇതുമൂലമാണ്.