Connect with us

Kozhikode

ബേപ്പൂര്‍ പുലിമുട്ട് ജങ്കാര്‍ ജെട്ടിയിലെ കോണ്‍ക്രീറ്റ് തകര്‍ന്നു

Published

|

Last Updated

ബേപ്പൂര്‍: അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയെ തുടര്‍ന്ന് ചാലിയം- ബേപ്പൂര്‍ കടവിലെ ജങ്കാര്‍ സര്‍വീസ് സുരക്ഷിതമല്ലാതായി. ചാലിയത്തെയും ബേപ്പൂര്‍ പുലിമുട്ട് ജങ്കാര്‍ ജെട്ടിയിലെയും കോണ്‍ക്രീറ്റ് പൂര്‍ണമായും തകര്‍ന്നതാണ് ഭീഷണിയായി തുടരുന്നത്.

വേനല്‍മഴ ശക്തമായതിനെ തുടര്‍ന്ന് ചാലിയാറില്‍ ഒഴുക്കും തിരയടിയും വര്‍ധിച്ചതിനാല്‍ ജങ്കാര്‍ കരയടുപ്പിക്കുക ഏറെ ശ്രമകരമാണ്. പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ജെട്ടിയില്‍ അടുപ്പിക്കാനാകുന്നില്ല. ഇത് യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്. ഈ കോണ്‍ക്രീറ്റു ജെട്ടി പുതുക്കിപ്പണിയണമെന്ന് സ്റ്റീല്‍ ജങ്കാര്‍ സര്‍വീസ് ആരംഭിച്ച ഉടനെ നാട്ടുകാര്‍ ആവശ്യപ്പെട്ടതായിരുന്നു. കടത്തുസര്‍വീസിന്റെ ചുമതലയുള്ള കടലുണ്ടി ഗ്രാമപ്പഞ്ചായത്താണ് ജെട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്.

ബേപ്പൂര്‍ കരയിലെ ജെട്ടിയില്‍ ജങ്കാര്‍ അടുപ്പിക്കാന്‍ പറ്റാത്ത നിലയിലായിട്ട് മാസങ്ങളായി. അഴിമുഖത്തോടു ചേര്‍ന്നുള്ള ചാലിയം ജെട്ടിയിലും ശക്തമായ തിരമാല പതിവായിരിക്കയാണ്.
കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തോടു ചേര്‍ന്നാണ് ബേപ്പൂരിലെയും ചാലിയത്തെയും ജങ്കാര്‍ ജെട്ടി. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പതിവില്‍ കവിഞ്ഞ ഒഴുക്കും തിരയടിയുമാണ്.

Latest