Connect with us

Kerala

ഒമ്പത് മാസമായ ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജയിലിലേക്ക് മാറ്റി

Published

|

Last Updated

കോഴിക്കോട്: ഒമ്പത് മാസം പ്രായമായ ഇരട്ടക്കുട്ടികളെ പ്രതിയായ മാതാവിനൊപ്പം ജയിലില്‍ താമസിപ്പിക്കാന്‍ ഉത്തരവ്. കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ മോഷണക്കുറ്റം ആരോപിച്ച് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് നടപടി.
ഇവരുടെ ഇരട്ടക്കുട്ടികളുടെ കാര്യം പോലീസ് കോടതിയില്‍ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ മാതാവിനൊപ്പം കോടതിയില്‍ താമസിപ്പിക്കാന്‍ കേഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ രാജന്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് കോടതി അനുമതി പ്രകാരം മെഡിക്കല്‍ കോളജ് സി ഐ മൂസ വള്ളിക്കാടന്‍, കുട്ടികളെ പാര്‍പ്പിച്ചിരുന്ന സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് ഏറ്റുവാങ്ങി ജയിലിലേക്ക് മാറ്റി.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
കഴിഞ്ഞ ദിവസമാണ് ജയ(23)യെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എന്നാല്‍, പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് കോടതിയില്‍ അറിയിക്കാതിരുന്നതിനാല്‍ മാതാവിനെ മാത്രം റിമാന്‍ഡ് ചെയ്യുകയായിരുന്നു.
തിരൂരില്‍ വെച്ചാണ് ജയയെ കോഴിക്കോട് മെഡി. കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മാണിക്യത്തിന്റെ കൈയില്‍ പോലീസ് ഒരു കുറിപ്പും നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍, കോഴിക്കോട് എന്നെഴുതിയ കുറിപ്പില്‍ പോലീസ് സ്‌റ്റേഷന്റെ ഫോണ്‍ നമ്പറും എഴുതിയിരുന്നു.
കുട്ടികളുമായി തീവണ്ടിമാര്‍ഗം മാണിക്യം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. കരഞ്ഞുകൊണ്ടിരുന്ന മാണിക്യത്തെയും കുട്ടികളെയും കണ്ട് അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ ഇവരെ കൂട്ടിക്കൊണ്ടുപോകുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തതാണെന്നും റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്നുമുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പോലീസും ചേര്‍ന്ന് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റി.

മാതാവിനൊപ്പം രണ്ട് കുട്ടികളുണ്ടെന്ന വിവരം പോലീസ് യുവതിയെ ഹാജരാക്കിയ കുന്ദമംഗലം കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നില്ല. ഇതാണ് ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ മാതിവില്‍ നിന്ന് അകന്നു നില്‍ക്കാന്‍ വഴിയൊരുക്കിയത്. സംഭവം വിവാദമായതോടെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പോലീസ് നടപടി ക്രൂരമെന്ന്
മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതിവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest