കിം ജോംഗ് ഉന്‍ വീണ്ടും ചൈനയില്‍

Posted on: May 9, 2018 6:14 am | Last updated: May 8, 2018 at 11:11 pm

ബീജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തി. വടക്കന്‍ ചൈനയിലെ ദാലിയാന്‍ നഗരത്തില്‍ വെച്ചായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

കിം ജോംഗ് ഉന്‍ ചൈന വിടുന്നത് വരെ അദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ഇരു രാജ്യങ്ങളും വളരെ രഹസ്യമാക്കിവെക്കുകയായിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വാംഗ് ഹുനിംഗും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചിരുന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദാലിയാനില്‍ കഴിഞ്ഞ കുറച്ചുദിവസമായി സുരക്ഷ ശക്തമാക്കിയിരുന്നു. ദാലിയാനിലെ വിമാനത്താവളത്തിലാണ് ഉന്നിന്റെ സ്വകാര്യ വിമാനം ലാന്‍ഡ് ചെയ്തത്. എന്നാല്‍, എന്ത് വിഷയമാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതെന്ന കാര്യം ചൈന വെളിപ്പെടുത്തിയിട്ടില്ല. ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന ചില പൊതു ആശങ്കകളാണ് ചര്‍ച്ച ചെയ്തതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലും ഉന്‍ ചൈനയില്‍ രഹസ്യമായി സന്ദര്‍ശം നടത്തിയിരുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുന്നതിനിടെ ചൈനയില്‍ ഉന്‍ സന്ദര്‍ശനം നടത്തിയതിന് വന്‍ പ്രാധാന്യമുണ്ട്.