കാവേരി: കേന്ദ്രത്തിന്റേത് കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി

    Posted on: May 9, 2018 6:10 am | Last updated: May 8, 2018 at 10:58 pm

    ന്യൂഡല്‍ഹി: കാവേരി മാനേജ്മെന്റ് ബോര്‍ഡ് പദ്ധതിയുടെ കരട് തയ്യാറാക്കാത്തതിന് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം. കേന്ദ്രത്തിന്റേത് തികഞ്ഞ കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം പതിനാലിലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജലസേചന വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കാര്‍ ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. കാവേരി മാനേജ്‌മെന്റ ബോര്‍ഡുമായി ബന്ധപ്പെട്ട പദ്ധതിയുടെ കരടുമായിട്ടായിരിക്കണം അദ്ദേഹം ഹജരാകേണ്ടതെന്നും ബഞ്ച് വ്യക്തമാക്കി.

    പദ്ധതിയുടെ അന്തിമ മിനുക്ക് പണികള്‍ക്കും മന്ത്രിസഭയുടെ അംഗീകാരത്തിനുമായി പത്ത് ദിവസത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ ആവശ്യപ്പെട്ടത്. എന്നാല്‍, തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നപാന്‍ഡെ ഇത് എതിര്‍ത്തു.
    ഫെബ്രുവരില്‍ 16നാണ് കാവേരി വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രം ഇതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
    കര്‍ണാടക തിരഞ്ഞെടുപ്പ് ഈമാസം 12ന് നടക്കുന്നതിനാല്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം കേന്ദ്രം പദ്ധതി രേഖ സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രിയും മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായത് കൊണ്ട് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നേരത്തെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.