Connect with us

National

കശ്മീര്‍ പ്രക്ഷോഭകരുടെ കല്ലേറില്‍ തമിഴ് വിനോദ സഞ്ചാരി കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ പരുക്കേറ്റ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരി മരിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം കാറില്‍ ഗുല്‍മാര്‍ഗിലെ താമസ സ്ഥലത്തേക്ക് കാറില്‍ പോകുമ്പോള്‍ പ്രക്ഷോഭകരുടെ കല്ലേറില്‍ പരുക്കേറ്റ ചെന്നൈ സ്വദേശി ആര്‍ തിരുമണി സെല്‍വനാണ് (22) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. നെറ്റിയിലും മൂക്കിനും സാരമായി പരുക്കേറ്റ തിരുമണി ശ്രീനഗറിലെ ശേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തു.

കല്ലേറില്‍ ഇവരുടേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റിയതായി പോലീസ് വക്താവ് അറിയിച്ചു. ജമ്മു കശ്മീരില്‍ ഈ മാസം ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുന്നത്. അനന്ത്‌നാഗില്‍ മെയ് ഒന്നിന് വാഹനങ്ങള്‍ക്ക് നേരെയുണ്ടായ പ്രക്ഷോഭകരുടെ കല്ലേറില്‍ അഞ്ച് വിനോദ സഞ്ചാരികള്‍ക്ക് പരുക്കേറ്റിരുന്നു.

ഞായറാഴ്ച ഷോപ്പിയാനി ല്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രക്ഷോഭം നടന്നുവരികയാണ്. അതിനിടെയാണ് ഗുല്‍മാര്‍ഗില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലപ്പെട്ട തിരുമണിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. സംഭവം അത്യധികം അപലപനീയമാണെന്ന് അവര്‍ പ്രതികരിച്ചു. വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമത്തെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം അപലപിച്ചു. കല്ലേറുകാരെയും അവരുടെ രീതികളെയും മഹത്വവത്കരിക്കുന്നവര്‍ വസ്തുതകള്‍ തിരിച്ചറിയണമെന്നും സംസ്ഥാനത്തിന്റെ അതിഥിയെയാണ് കല്ലെറിഞ്ഞ് കൊന്നിരിക്കുന്നതെന്നും നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.