ഡോ. കഫീല്‍ ഖാന്റെ ‘അയോഗ്യത’കള്‍

ജാമ്യം ആശ്വാസമാണെങ്കിലും നിലവിലെ സ്ഥിതിവെച്ച് കേസിന്റെ നൂലാമാലകള്‍ കാലങ്ങളോളം നീളും. വ്യവസ്ഥിതിക്ക് എപ്പോള്‍ വേണമെങ്കിലും സ്വരം മാറ്റാം. കൂടുതല്‍ ശിക്ഷകള്‍ പല രൂപങ്ങളില്‍ അനുഭവിപ്പിക്കാം. അതുകൊണ്ടാണ് കഫീല്‍ ഖാന്, യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും തന്റെ ഭാവി ജീവിതമെന്ന് പറയേണ്ടി വന്നത്. സത്പ്രവൃത്തി കൊണ്ടും അധികാരികളുടെ കണ്ണിലെ കരടാകുന്ന ഇത്തരമൊരു അവസ്ഥ ഏറെ ദുഃഖകരവും നിരാശാജനകവുമാണ്. ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുക, ശക്തമായ പ്രതിച്ഛായ നിര്‍മിതി തുടങ്ങിയവയൊക്കെ ഭരണകര്‍ത്തവ്യമായി കൊണ്ടുനടക്കുന്നവര്‍ക്ക് അവയുടെ മേല്‍ പെട്ടെന്നുണ്ടാകുന്ന കരിനിഴലുകള്‍ സഹിക്കാനാവുകയില്ല. അത് ഏത് ദുരന്തത്തിന്റെ പേരിലായാലും.  
Posted on: May 9, 2018 6:05 am | Last updated: May 9, 2018 at 11:23 am

അദ്ദേഹം ചോദിച്ചു ‘അപ്പോള്‍ നിങ്ങളാണ് ഡോ. കഫീല്‍ അല്ലേ? നിങ്ങളാണോ സിലിന്‍ഡറുകള്‍ അറേഞ്ച് ചെയ്തത്? ‘
ഞാന്‍ പറഞ്ഞു. ‘അതേ സര്‍’
അദ്ദേഹം ദേഷ്യപ്പെട്ടു. ‘അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിന്‍ഡറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ് ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ പീഡിയാട്രീഷനായിരുന്ന ഡോ. കഫീല്‍ ഖാന്‍ ചോദിക്കുന്നത്. എന്തിനാണ് എട്ട് മാസം ജയിലിലിട്ടതെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് രാജ്യത്തെ വ്യവസ്ഥിതിക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലെ ബി ആര്‍ ഡി ആശുപത്രിയില്‍ ആഗസ്റ്റിലെ ഒരു രാത്രി ഉച്ഛ്വാസ വായുവിനായി കേണ പിഞ്ചുകുട്ടികള്‍ക്ക് ദിവസങ്ങളോളം കുടിനീരു പോലും ഒഴിവാക്കി ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ക്കായി ഓടി നടന്നതോ? അതല്ല, സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി സിലിന്‍ഡറുകള്‍ ആശുപത്രിയില്‍ എത്തിച്ചതോ? ജൂനിയര്‍ ഡോക്ടറായിരുന്നിട്ടും ഭരണപരമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാതിരുന്നിട്ടും പച്ച മനുഷ്യനെന്ന നിലയിലുള്ള ധാര്‍മിക ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയതിനോ?

കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചതിന് ശേഷം പരിവാര സമേതം ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ ഡോ. കഫീല്‍ ഖാനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച ചോദ്യങ്ങളിലുണ്ട് ഉത്തരം. ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമാണെന്ന് കഫീല്‍ ഖാന്‍ ജയിലിലിരുന്ന് എഴുതിയ പത്ത് പേജുള്ള കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതിങ്ങനെ വായിക്കാം: ‘പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം (13.08.17) വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ‘അപ്പോള്‍ നിങ്ങളാണ് ഡോ. കഫീല്‍ അല്ലേ? നിങ്ങളാണോ സിലിന്‍ഡറുകള്‍ അറേഞ്ച് ചെയ്തത്? ‘
ഞാന്‍ പറഞ്ഞു. ‘അതേ സര്‍’
അദ്ദേഹം ദേഷ്യപ്പെട്ടു. ‘അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിന്‍ഡറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

ചിത്രം വ്യക്തമാണ്. തന്റെ ഭരണ സംവിധാനത്തെ, ആരോഗ്യവകുപ്പിന്റെ നിസ്സംഗതയെ രാജ്യം മുഴുവന്‍ ഭര്‍ത്സിക്കുമ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടറെ മാധ്യമങ്ങളും സമൂഹവും അഭിനന്ദനം കൊണ്ട് മൂടുന്നു. ഡോക്ടറാകട്ടെ വെറുമൊരു മുസ്‌ലിമും. അപ്പോള്‍ ആരെയെങ്കിലും കരുവാക്കണം. ചൂണ്ടിക്കാണിക്കാന്‍ ഒരു ഇര വേണം. ഇരുട്ട് കൊണ്ട് ഓട്ടയടക്കണം. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടണം. അതാണ് സംഭവിച്ചത്. ഇരയാക്കപ്പെടാന്‍ കഫീലിന് ‘യോഗ്യത’കളെമ്പാടുമുണ്ട്. കഫീലിന് ജാമ്യം ലഭിച്ചതിന് ശേഷം മെയ് ആറിന് അദ്ദേഹത്തോട് ദി ടെലഗ്രാഫ് പത്രം പ്രതിനിധി സോണിയ സര്‍ക്കാര്‍ ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ മുസ്‌ലിം സ്വത്വമാണോ ബലിയാടാകാന്‍ കാരണം? ആ ചോദ്യം കേട്ട് അദ്ദേഹത്തിന്റെ ക്ഷീണം പിടിച്ച കണ്ണുകള്‍ ഒരു നിമിഷം അടച്ച് തുറന്നിട്ട് താഴേക്ക് നോക്കി ഇങ്ങനെ പറഞ്ഞു. ബീഫ് സൂക്ഷിച്ചതിന് മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോഴും ട്രെയിന്‍ സീറ്റ് തര്‍ക്കത്തിനൊടുവില്‍ മുഹമ്മദ് ജുനൈദിനെ മര്‍ദിച്ച് കൊന്നപ്പോഴും ഫേസ്ബുക്കില്‍ അവയെ അപലപിച്ചിരുന്നു. പക്ഷേ, അത് തനിക്ക് തന്നെ സംഭവിച്ചപ്പോള്‍… അദ്ദേഹത്തിന് വാചകം പൂര്‍ത്തിയാക്കാനായില്ല. ഒരു മാത്ര കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: എന്നെ ശിക്ഷിക്കാനുള്ള ഏക കാരണം മുസ്‌ലിം സ്വത്വമായിരുന്നോവെന്നതിന് മറുപടി പറയാന്‍ യോഗിജിക്ക് മാത്രമേ സാധിക്കൂ. അദ്ദേഹം ഇവിടെയുണ്ടായിരിക്കുവോളം അടുത്ത അഞ്ച് വര്‍ഷത്തേക്ക് തനിക്ക് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് കഴിയില്ലെന്ന് താന്‍ ചിന്തിച്ചിട്ടുണ്ട്. ഭാര്യ ശബിസ്തയും മാതാവ് നുസ്ഹത് പര്‍വീണും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അപേക്ഷിച്ചെങ്കിലും അപ്പോഴൊക്കെ യോഗി ആദിത്യനാഥ് പറയാറുണ്ടായിരുന്നത് ‘നീതി ലഭിക്കും’ എന്നായിരുന്നു.

യോഗി ആശുപത്രിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയിന് ശേഷമുള്ള നാളുകളില്‍ അധികാരികളുടെ നരനായാട്ടായിരുന്നെന്ന് കഫീല്‍ ഖാന്‍ പറയുന്നു. കത്തില്‍ എല്ലാം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്: പോലീസ് എന്റെ വീട്ടില്‍ വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല. എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.
പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി 2017 ആഗസ്റ്റ് തൊട്ട് 2018 ഏപ്രില്‍ വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു, ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ..…അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത് നീതിന്യായ വ്യവസ്ഥയും സമ്മര്‍ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു). ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിന് കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്… ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു.
എനിക്ക് മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരില്‍ നിന്ന് അലഹബാദിലേക്ക്. നീതി ലഭിക്കാന്‍.…പക്ഷേ എല്ലാം പാഴായി…
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോകേണ്ടിവന്ന നിരാശയും ദുഃഖവും അമര്‍ഷവും എല്ലാം അടങ്ങിയിട്ടുണ്ട് ഈ വരികളില്‍. ഒരു പക്ഷേ മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍, മറ്റൊരു സ്വത്വമായിരുന്നെങ്കില്‍, വേറൊരു ഭരണ സംവിധാനമായിരുന്നെങ്കില്‍ അംഗീകാരവും ആദരവും ലഭിച്ചേനെ. എന്നാല്‍ ഒരു നല്ല വാക്ക് പോലുമില്ലാതെ അധികാരികള്‍ ചെയ്തതോ ചാട്ടക്കടി. തികഞ്ഞ പ്രതികാരമല്ലാതെ മറ്റൊന്നല്ലിത്. പോലീസുകാരുടെ രീതി തന്നെ നോക്കൂ. വീട്ടില്‍ വന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തുക. അതിനേക്കാള്‍ ക്രൂരമായി ഏറ്റുമുട്ടലില്‍ തട്ടിക്കളയുമെന്ന് മുന്നറിയിപ്പ് നല്‍കുക. അത്തരം ശിക്ഷകള്‍ക്ക് വ്യവസ്ഥിതിക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. ഗോരഖ്പൂരിലെ ഡോക്ടറെ ആശുപത്രിയിലെത്തി തീവ്രവാദിയോ പാക് ചാരനോ ആക്കി നിഷ്പ്രയാസം ഇല്ലാതാക്കാം. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മസാല വിളമ്പാം.
കഴിഞ്ഞ ആഗസ്റ്റില്‍ ബി ആര്‍ ഡി ഹോസ്പിറ്റലിലെ എന്‍സെഫലൈറ്റസ് വാര്‍ഡില്‍ നാല് ദിവസത്തിനുള്ളില്‍ 69 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ ലഭിക്കാതെ മരിച്ച സംഭവത്തിന്റെ യഥാര്‍ഥ കുറ്റവാളികള്‍ ആശുപത്രി ഭരണാധികാരികളാണെന്ന് ഡോ. കഫീല്‍ ഖാന്‍ പറയുന്നു. പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശ്ശിക ആവശ്യപ്പെട്ടയച്ച 14 ഓര്‍മപ്പെടുത്തല്‍ കുറിപ്പുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലയിലെ സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസ്സിലായില്ല. അവര്‍ ഞങ്ങളെ ബലിയാടുകളാക്കി, ഗോരഖ്പൂരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍. പുഷ്പ സെയില്‍സ് ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും കഫീല്‍ ഖാന്‍ പറയുന്നു.
ജാമ്യം ആശ്വാസമാണെങ്കിലും നിലവിലെ സ്ഥിതിവെച്ച് കേസിന്റെ നൂലാമാലകള്‍ കാലങ്ങളോളം നീളും. വ്യവസ്ഥിതിക്ക് എപ്പോള്‍ വേണമെങ്കിലും സ്വരം മാറ്റാം. കൂടുതല്‍ ശിക്ഷകള്‍ പല രൂപങ്ങളില്‍ അനുഭവിപ്പിക്കാം. അതുകൊണ്ടാണ് കഫീല്‍ ഖാന്, യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും തന്റെ ഭാവി ജീവിതമെന്ന് പറയേണ്ടി വന്നത്.

ജാമ്യം ലഭിച്ചത് തന്നെ കഫീല്‍ ഖാന്റെ ഭാഗം വിശദമായി തന്നെ രാജ്യം കേട്ടതുകൊണ്ടാണ്; സാമൂഹികമാധ്യമങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി വെളിപ്പെട്ടതും കണ്ടു. ഏപ്രില്‍ 21നാണ് കഫീല്‍ ഖാന്റെ കുടുംബം പത്രസമ്മേളനം നടത്തി അദ്ദേഹത്തിന്റെ ദുരിതജീവിതം വിശദീകരിച്ചത്. ഒപ്പം ജയിലില്‍ വെച്ചെഴുതിയ വിശദ കത്തും പുറത്തുവിട്ടു. വാര്‍ത്താസമ്മേളനം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ ജാമ്യവും ലഭിച്ചു. പ്രതിച്ഛായ നിര്‍മിതിയോ ഇനിയും വഷളാകാതിരിക്കാനുള്ള അടവോ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ മൊത്തം ജനവികാരം എതിരാകുന്നതിനാല്‍ അതിന് തീവ്രത വര്‍ധിപ്പിക്കേണ്ടെന്ന നിശ്ചയമോ ആകാം.

അതേസമയം, കഫീല്‍ ഖാനൊപ്പം അറസ്റ്റിലായ മൂന്ന് ഡോക്ടര്‍മാരടക്കമുള്ള ഏഴ് ആശുപത്രി ജീവനക്കാര്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. ഇവരുടെ അവസ്ഥ ഇപ്പോഴും ത്രിശങ്കുവിലാണ്. അറുപത് വയസ്സുകാരായ ഡോ. രാജീവ് മിശ്ര- ഡോ. പൂര്‍ണിമ ശുക്ല ദമ്പതികള്‍, 56കാരനായ ഡോ. സതീഷ് കുമാര്‍, 58കാരനായ ചീഫ് ഫാര്‍മസിസ്റ്റ് ഗജാനന്ദ് ജെയ്‌സ്വാള്‍, മൂന്ന് ക്ലര്‍ക്കുകള്‍ എന്നിവരായിരുന്നു ആ ബലിയാടുകള്‍. ഇവരുടെ മോചനം ഇനിയെന്നാകുമെന്ന് കണ്ടറിയണം. സത്പ്രവൃത്തി കൊണ്ടും അധികാരികളുടെ കണ്ണിലെ കരടാകുന്ന ഇത്തരമൊരു അവസ്ഥ ഏറെ ദുഃഖകരവും നിരാശാജനകവുമാണ്. ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുക, ശക്തമായ പ്രതിച്ഛായ നിര്‍മിതി തുടങ്ങിയവയൊക്കെ ഭരണകര്‍ത്തവ്യമായി കൊണ്ടുനടക്കുന്നവര്‍ക്ക് അവയുടെ മേല്‍ പെട്ടെന്നുണ്ടാകുന്ന കരിനിഴലുകള്‍ സഹിക്കാനാവുകയില്ല. അത് ഏത് ദുരന്തത്തിന്റെ പേരിലായാലും. അതിനിടക്ക് ഏറെ നിസ്സാരനായ ഒരാള്‍ എല്ലാ ക്രെഡിറ്റും അടിച്ചെടുത്താല്‍. അത് സഹിക്കാവുന്നതിലപ്പുറമായിരിക്കും. അത്തരമൊരു ചക്കളത്തിപ്പോരിന്റെ ബലിയാടാണ് ഡോ. കഫീല്‍ ഖാനും അറസ്റ്റിലായ ജീവനക്കാരും.

[email protected]