മാഹിയിയില്‍ സംഘര്‍ഷത്തിന് അയവില്ല; വിലാപയാത്രക്കിടെ ബിജെപി ഓഫീസും പോലീസ് ജീപ്പും തകര്‍ത്തു

Posted on: May 8, 2018 7:21 pm | Last updated: May 9, 2018 at 11:12 am

കണ്ണൂര്‍: സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട മാഹിയില്‍ സംഘര്‍ഷം അയയുന്നില്ല. പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെ ബിജെപി ഓഫീസായ മാരാര്‍ മന്ദിരം ഒരു കൂട്ടം അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. മാരാര്‍ മന്ദിരത്തിന് മുന്നിലുണ്ടായിരുന്ന മാഹി പോലീസിന്റെ ജീപ്പും അക്രമികള്‍ തകര്‍ത്തു.

ബിജെപി പ്രാദേശിക നേതാവ് പിടി ദേവരാജന്റെ വീടന് നേരെയും അക്രമമുണ്ടായി. ന്യൂമാഹിയില്‍ സിപിഎം കൊടിമരവും സിപിഎമ്മുകാരന്റെ പച്ചക്കറിക്കടയും അക്രമികള്‍ നശിപ്പിച്ചു.

വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സിപിഎം നേതാവ് ബാബുവിന്റെ മ്യതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. കോല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ കെപി ഷമേജിന്റെ പോസ്റ്റ്‌മോര്‍ട്ടം മനപ്പൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രതിഷേധിച്ചിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇടപെട്ടാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് ഷമേജിന്റെ മ്യതദേഹം മാഹിയിലേക്ക് കൊണ്ടുപോയത്.