ക്ലാസിക് ഡ്രോ

എല്‍ ക്ലാസികോ പോരാട്ടം സമനില 2-2, മെസിയും റൊണാള്‍ഡോയും ഗോള്‍ നേടി
Posted on: May 8, 2018 6:24 am | Last updated: May 8, 2018 at 12:36 am
ലയണല്‍ മെസി ഗോള്‍ നേടുന്നു

മാഡ്രിഡ്: ഗോള്‍ കൊണ്ടും കൊടുത്തും ഇരു ടീമുകളും മുന്നേറിയപ്പോള്‍ സ്പാനിഷ് ലാലിഗയിലെ അവസാന എല്‍ക്ലാസികോ പോരാട്ടം സമനിലയില്‍ കലാശിച്ചു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും രണ്ട് ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മാഴ്‌സലോയുടെ മുഖത്ത് ഇടിച്ചതിന് സെര്‍ജിയോ റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ നാല്‍പ്പത്തിയഞ്ച് മിനുട്ട് പത്ത് പേരുമായാണ് ബാഴ്‌സ കളിച്ചത്.
പത്താം മിനുട്ടില്‍ ലൂയി സുവാരസിലൂടെ ബാഴ്‌സയാണ് ആദ്യ ഗോള്‍ നേടിയത്. വലതുവിങ്ങില്‍ കുതിച്ചെത്തിയ റോബര്‍ട്ടോ നല്‍കിയ അളന്നുമുറിച്ച ക്രോസ് സുവാരസ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിച്ചു.

നാല് മിനുട്ടിനുള്ളില്‍ റൊണാള്‍ഡോയിലൂടെ റയലിന്റെ മറുപടി വന്നു. ക്രൂസും ബെന്‍സിമക്കുമൊപ്പം നടത്തിയ മുന്നേറ്റം റോണോ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ സെര്‍ജിയോ റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് വാങ്ങി. രണ്ടാം പകുതിയില്‍ മെസി ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടി. 52ാം മിനുട്ടില്‍ കാസിമിറോയേയും റാമോസിനേയും കബളിപ്പിച്ച മെസി തൊടുത്ത ഇടംകാല്‍ ഷോട്ട് റയല്‍ ഗോളിക്ക് എത്തിപ്പിടിക്കാവുന്നതിലും അകലത്തിലായിരുന്നു. 72ാം മിനുട്ടില്‍ നൗകൗമ്പിലെ ആരാധകക്കൂട്ടത്തെ നിശബ്ദരാക്കി ഗാരത് ബെയ്ല്‍ സമനില ഗോള്‍ നേടി. അസന്‍സിയോടുടെ പാസ്സില്‍ നിന്നാണ് ബെയ്ല്‍ ഗോള്‍ നേടിയത്.

ലീഗില്‍ പരാജയമറിയാതെ 35ാമത്തെ മത്സരമാണ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയത്. ബാഴ്‌സലോണ ജേഴ്‌സിയില്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ അവസാന എല്‍ക്ലാസികോയായിരുന്നു ഇത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇനിയെസ്റ്റയെ ഫുട്‌ബോള്‍ പ്രേമികള്‍ നിറഞ്ഞ കൈയടികളോടെ വരവേറ്റു. താരത്തിന്റെ 38ാം എല്‍ക്ലാസിക്കോ മത്സരമായിരുന്നു ഇത്.

35 മത്സരങ്ങളില്‍ 87 പോയിന്റുള്ള ബാഴ്‌സലോണ നേരത്തെ തന്നെ കീരീടമുറപ്പാക്കിയിരുന്നു. 75 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്.

35 മത്സരങ്ങള്‍ കളിച്ച റയല്‍ മാഡ്രിഡ് 72 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. എല്‍ക്ലാസികോ ചരിത്രത്തില്‍ 400 ഗോള്‍ നേടുന്ന ടീം എന്ന നേട്ടം റയല്‍ സ്വന്തമാക്കി. ബാഴ്‌സലോണ 389 ഗോളുകളാണ് നേടിയത്.