Connect with us

Articles

ഇടതുപക്ഷം, ജനാധിപത്യം, മതേതരത്വം അര്‍ഥവും അര്‍ഥ വ്യത്യാസങ്ങളും

Published

|

Last Updated

പാലിയം സമരകാലത്ത് രമത്തമ്പുരാട്ടിയും ഇന്ദിരത്തമ്പുരാട്ടിയും കര്‍ഷകത്തൊഴിലാളികള്‍ക്കു അക്ഷര ശുദ്ധിയോടെ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊടുക്കുകയാണ്. അതേറ്റുവിളിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ ഇന്‍ക്വിലാബി സിന്ദാബി എന്നാണ് വിളിക്കുന്നത്. എത്ര ആവര്‍ത്തിച്ചിട്ടും അവര്‍ അങ്ങനെ തന്നെ വിളിച്ചു. കുറെകഴിഞ്ഞപ്പോള്‍ തമ്പുരാട്ടിമാര്‍ക്ക് ദേഷ്യം വന്നു. നിങ്ങള്‍ വിളിക്കുന്നതിന്റെ അര്‍ഥം അറിയുമോ എന്ന് ചോദിച്ചു. നന്നായി അറിയാം പാലിയത്തച്ഛന്‍ തലതെറിക്കട്ടെ എന്നല്ലേ? എന്ന് തൊഴിലാളികള്‍ തിരിച്ചുചോദിച്ചു. ഇന്‍ക്വിലാബിന് ആ സമരസന്ദര്‍ഭത്തില്‍ നല്‍കാന്‍ കഴിയുന്ന പരമാവധി പൊരുള്‍ അവര്‍ പറഞ്ഞ അര്‍ഥത്തിലുണ്ടായിരുന്നു. (ഒരു കമ്മ്യൂണിസ്റ്റിന്റെ മൂന്ന് വിശ്വാസഘട്ടങ്ങള്‍. കെ ഇ എന്‍/കെ കണ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 ഏപ്രില്‍ 29)

വാക്കുകളും പദപ്രയോഗങ്ങളും ഒക്കെ അങ്ങനെയാണ്. അവ ഒരുകാലത്തും സ്ഥിരമായ ഒരര്‍ഥത്തിന്റെ കൂടാരത്തില്‍ ദീര്‍ഘകാലം വസിക്കുന്നില്ല. സി പി എം, സി പി ഐ പാര്‍ട്ടികോണ്‍ഗ്രസുകളുടെ മണിമുഴങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയ ഗണിതന്മാരുടെ കവിടി നിരത്തല്‍. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ നിന്ന് പടിപടിയായി പുറന്തള്ളപ്പെട്ടു തുടങ്ങി. പണ്ട് ആനയായിരുന്നു. പറഞ്ഞിട്ടെന്തുകാര്യം? ഇപ്പോള്‍ മെലിഞ്ഞ് മെലിഞ്ഞ് ഒരു പശുവിനെക്കാളും ചെറുതായി. എന്ന് വിചാരിച്ച് അതിനെ പിടിച്ച് തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ? ജനം അവഗണിച്ചു തുടങ്ങിയ ആ പാര്‍ട്ടിയുടെ വാര്‍ധക്യത്തിന് ഒരേയൊരു വാചീകരണ ചികിത്സ നെഹ്‌റു കുടുംബത്തിലെ യൗവനം പകരം നല്‍കല്‍ മാത്രമാണെന്ന മട്ടില്‍ ആണ് രാജ്യത്തെ കോണ്‍ഗ്രസ് സ്‌നേഹികള്‍ രാഹുല്‍ ഗാന്ധിയെന്ന ദാവീദിനെ ഇറക്കി നരേന്ദ്ര മോദിയെന്ന ഗോല്യാത്തിനെ വീഴിക്കാമെന്ന് കണക്കു കൂട്ടുന്നത്.

വരാനിരിക്കുന്ന അങ്കത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന ബംഗാള്‍ സഖാക്കള്‍, അവര്‍ക്കു വേണ്ടി ജനറല്‍ സെക്രട്ടറി യെച്ചൂരി, അങ്ങനെയൊരു പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് കേരള സഖാക്കള്‍, അവര്‍ക്കു വേണ്ടി പ്രകാശ് കാരാട്ട്. ഈ രണ്ട് വക്കീലന്മാരുടെയും വാദങ്ങള്‍ കേട്ട് പാര്‍ട്ടികോണ്‍ഗ്രസ് വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നതുമായ ഒരു അന്തിമ തീരുമാനം എടുത്തു. സഖ്യം ഇല്ല. ധാരണയും വേണ്ട. ബി ജെ പിയെ തോല്‍പ്പിക്കാന്‍ സ്വന്തം നിലയില്‍ ശക്തിയില്ലാത്ത സ്ഥലങ്ങളില്‍ ആര്‍ക്കാണോ ശക്തിയുള്ളത് അവര്‍ക്കു വോട്ട് ചെയ്യും. എത്ര വിശദീകരിച്ചിട്ടും ഞങ്ങള്‍ക്കിത് മനസ്സിലായില്ല എന്ന് ചിലര്‍ നിലവിളിക്കുന്നു. ഒരേ സമയം സി പി എമ്മിനെയും കോണ്‍ഗ്രസിനെയും നന്നാക്കിയേ അടങ്ങൂ എന്ന് വാശിയുള്ള നമ്മുടെ ചാനല്‍ ചര്‍ച്ചയിലെ പാനല്‍ വിദഗ്ദന്മാരാണിവരുടെ സഹായികള്‍.

ഇടതുപക്ഷ ജനാധിപത്യ മതേതരത്വ മുന്നണിക്കായി തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു എന്ന കമ്യൂണിസ്റ്റ് നിലപാടില്‍ യാതൊരു അവ്യക്തതയും സദ്ബുദ്ധികളായ ജനങ്ങള്‍ക്കുണ്ടാകേണ്ടതില്ല. ഇടതുപക്ഷം എന്നത് കേവലം ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമല്ല. അതൊരു നിലപാടാണ്. രാഷ്ട്രതന്ത്രത്തില്‍ സോഷ്യലിസവുമായി ബന്ധപ്പെട്ട രാഷ്ട്രീയാഭിപ്രായം എന്ന നിലയിലാണ് ഇടതുപക്ഷം എന്ന് വാക്ക് രൂപപ്പെട്ടത്. 1790ല്‍ ഫ്രഞ്ച് വിപ്ലവാനന്തര പാര്‍ലിമെന്റിലെ ഇരിപ്പിട സംവിധാനത്തില്‍ നിന്നാണ് ഇങ്ങനെ ഒരു സംജ്ഞ ആദ്യമായി നിലവില്‍ വന്നത്. അവിടെ അധ്യക്ഷന്റെ ഇടതുഭാഗത്തായിരുന്നു സോഷ്യലിസ്റ്റ് പ്രതിനിധികള്‍ക്കിരിപ്പിടം സജ്ജമാക്കിയിരുന്നത്. ഇന്നും ലോകത്തിലെ എല്ലാ പരിഷ്‌കൃത പാര്‍ലിമെന്റുകളിലും ഇതൊരുപതിവായി തുടരുന്നു. ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ എല്ലാ പാര്‍ട്ടികളിലും എന്തിന് മതസംഘടനകളില്‍ പോലും ഉണ്ട്. ഇവര്‍ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ മഹത്തരമായ ജനകീയ പരമാധികാരത്തെ പിന്താങ്ങുകയും, സാമൂഹിക ക്ഷേമം ഉറപ്പുവരുത്തല്‍ സര്‍ക്കാറിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്നു.

ആധുനിക നവീകരണവാദം മിക്ക രാഷ്ട്രങ്ങളിലും ഇടതുപക്ഷത്തിന്റെ വ്യവസ്ഥാപിത പ്രത്യയ ശാസ്ത്രമായ സോഷ്യലിസവുമായി സംയോജിക്കുകയും ചെയ്തുപോന്നു. എങ്കിലും വളരെയേറെ ഉത്പതിഷ്ണവും കൃത്യമായി നിര്‍വചിക്കപ്പെട്ടതുമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്‍തുടരുന്നവരെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്കുമേല്‍ ഇടതുപക്ഷ മുദ്ര കൂടുതല്‍ വ്യക്തമായി പതിഞ്ഞു എന്ന് മാത്രം. എന്നാല്‍ രാഷ്ട്രീയാധികാരം കൈവശമാക്കിയ ലോകത്തിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുടെ പൂര്‍വ നിര്‍വിചിതമായ ഇടതുപക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ടിവരികയും പലപ്പോഴും വലതുപക്ഷത്തെക്കാള്‍ വലിയ വലതുപക്ഷമായി മാറുകയും ചെയ്തു. ആ നിലക്ക് കൃത്യമായ ഇടവേളകളില്‍ നടത്തിപ്പോരുന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലെങ്കിലും തങ്ങള്‍ ഇടതുപക്ഷം ആണെന്ന് ഉറപ്പുവരുത്തുകയും അതു ജനങ്ങളോട് പരസ്യമായി പറയുകയും ചെയ്യുന്ന ഇന്ത്യയിലെ, രണ്ടു പ്രമുഖ കമ്യൂണിസ്റ്റ് കക്ഷികളുടെയും നിലപാട് ശ്ലാഘനീയം തന്നെ.

ബി ജെ പിയെ തോല്‍പ്പിക്കാന്‍ കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസിനെ സഹായിക്കുമോ എന്ന ചോദ്യത്തിനുത്തരം തേടുന്നവര്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഇടതുപക്ഷ പ്രതിബദ്ധത മനസ്സിലാക്കാതെ സംസാരിക്കുന്നവരാണ്. ബി ജെ പി കൃത്യമായും വലതുപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന കാര്യം അവര്‍ തന്നെ പരസ്യമായി പറയുന്ന കാര്യമാണ്. ഇന്ത്യപോലൊരു രാജ്യത്തിന്റെ തീവ്രമായ വലതുപക്ഷ വത്കരണം എന്ന ആശയംപോലും എത്രമാത്രം അപകടകരമാണെന്ന സമീപ കാലാനുഭവങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പശുഭക്തി, ഗോമാംസ വിരോധം, മുസ്‌ലിം-ക്രിസ്ത്യന്‍- കമ്യൂണിസ്റ്റ് അപരത്വങ്ങളെ നിര്‍ണയിച്ചു നടത്തുന്ന വേട്ടയാടല്‍, ബ്രാഹ്മണ മേധാവിത്വത്തിന്റെ മടങ്ങിവരവ് എന്ന് വേണ്ട എന്തെല്ലാം അസംബന്ധങ്ങളാണ് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു പോരുന്നത്. പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും ശാസ്ത്രവും ചരിത്രവുമാക്കാനുള്ള ശ്രമങ്ങള്‍ ഭരണാധികാരികളുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുന്നു. ശാസ്ത്രസാങ്കേതിക വിദഗ്ധ മണ്ഡലങ്ങളാകെ അന്ധവിശ്വാസികളെ കുത്തിത്തിരുകിയിരിക്കുന്നു. എന്തിന് ജുഡീഷ്യറിയെ പോലും കാവി പുതപ്പിച്ചുറക്കി കിടത്തിയിരിക്കുന്നു. ചാണകവും ഗോമൂത്രവും മെര്‍ക്കുറിയും ചേര്‍ന്നുള്ള മിശ്രിതം ഇന്ധനമാക്കി പുരാണങ്ങളില്‍ വിമാനം പറപ്പിച്ചിരുന്നു എന്നൊക്കെ വിവരിക്കുന്ന പ്രബന്ധങ്ങള്‍ക്കു സയന്‍സ് കോണ്‍ഗ്രസില്‍ പോലും ഇടം ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ഹോസ്പിറ്റലുകളില്‍ ഓപ്പറേഷന്‍ തിയറ്റര്‍ അണുവിമുക്തമാക്കാന്‍ ഗോമൂത്രം ഉപയോഗിക്കാന്‍ ഉത്തരവിറക്കുന്നു. എല്ലാം ഭംഗിയായി നടന്നിരുന്ന പ്രാചീന ഭാരതത്തില്‍ എല്ലാം കുഴപ്പത്തിലാക്കിയത് മുസ്‌ലിം ഭരണാധികാരികള്‍ വന്നതോടെയാണ് എന്നൊക്കെയുള്ള അസംബന്ധജല്‍പ്പനങ്ങളാണ് ഹിന്ദുത്വവാദികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വേദങ്ങളില്‍ പറയുന്ന സരസ്വതി നദിയുടെ ഉത്ഭവം കണ്ടെത്താനും മറ്റും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പൊതുഖജനാവ് വന്‍തോതില്‍ ധൂര്‍ത്തടിക്കുന്നു.

സിന്ധു നദീതട സംസ്‌കാരം ആര്യന്മാരുടേതാണെന്നു വരുത്താന്‍ ഹൈന്ദവ മുദ്രകളില്‍ കുതിരയുടെ രൂപം സൃഷ്ടിക്കാനുള്ള ശ്രമം കൈയോടെ പിടിക്കപ്പെട്ടിരിക്കുന്നു. പുരാതന ഇന്ത്യയുടെ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തിയിരുന്ന നേര്‍ബുദ്ധികളായ സാമാന്യ മനുഷ്യരെ പോലും അലോസരപ്പെടുത്തുന്നതാണ് ഇത്തരം പ്രയോഗങ്ങള്‍. സ്വാമി അഗ്നിവേശിനെപ്പോലുള്ളവര്‍ ഈ അസ്വാസ്ഥ്യം പണ്ടേ പ്രകടമാക്കിയിട്ടുള്ളതാണ്. ബി ജെ പി വിരോധം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസുകാരോ കമ്യൂണിസ്റ്റ് പാര്‍ട്ടികളോ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. ബി ജെ പി ഉയര്‍ത്തികൊണ്ടുവരുന്ന ഹിന്ദുമതമൗലിക തീവ്രവാദത്തെ ഒറ്റക്കുപോയിട്ട് കൂട്ടായിട്ടുപോലും നേരിടാന്‍ ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസോ ഇടതുപക്ഷമോ മാത്രം വിചാരിച്ചാല്‍ നടക്കാന്‍ പോകുന്നില്ല. ഹിന്ദു ലേബല്‍ പതിഞ്ഞ സാമാന്യ ജനങ്ങളില്‍ നിന്നു തന്നെ ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരു ഹിന്ദു ഇടതുപക്ഷ ബദല്‍ ഉയര്‍ന്നു വരണം. അതിന് പകരം ഏതാനും ക്ഷേത്രങ്ങളുടെ ഭരണം പിടിച്ചെടുത്തതുകൊണ്ടോ അമ്പലകമ്മിറ്റികളില്‍ നുഴഞ്ഞു കയറിയതുകൊണ്ടോ കൈത്തണ്ടയില്‍ ചരടുകെട്ടുകപോലുള്ള ഹിന്ദു മുദ്രകള്‍ പ്രദര്‍ശിപ്പിക്കുകയോ ശ്രീകൃഷ്ണ ജയന്തിയോ ശോഭയാത്രകളോ നടത്തുകയോ ചെയ്തതുകൊണ്ടോ ഒന്നും ലക്ഷ്യം നേടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇത്തരം പുരാവൃത്തങ്ങളില്‍ പോലും അന്തര്‍ലീനമായി കിടക്കുന്ന ഇടതുപക്ഷാശയങ്ങളെ ഖനനം ചെയ്തുകൊണ്ടുവേണം ഒരു ഇടതുപക്ഷ ഹൈന്ദവത അഥവാ ഒരു ഹിന്ദുവിമോചന ദൈവശാസ്ത്രം രൂപപ്പെടുത്താന്‍. ഈ കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മറ്റു പുരോഗമനശക്തികള്‍ക്കും ഏതുപ്രകാരം സഹകരിക്കാം എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. അതു സാധ്യമായാല്‍ യെച്ചൂരിയും സി പി ഐയും ഒക്കെ ഉദ്ദേശിക്കുന്ന ഇടതുപക്ഷ കോണ്‍ഗ്രസ് സഹകരണം സ്വാഭാവികമായും നിലവില്‍ വന്നുകൊള്ളും.

അല്ലാതെ തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പിന്‍വാതില്‍ ബന്ധങ്ങള്‍ ബി ജെ പിയെ അധികാരത്തില്‍ നിന്നു മാറ്റി നിറുത്താന്‍ തത്കാലം സഹായിച്ചേക്കാമെങ്കില്‍ പോലും ഇപ്പോള്‍ രാജ്യത്തു വേരുപിടിച്ചുകഴിഞ്ഞ ബി ജെ പി സംസ്‌കാരത്തെ (വലതുപക്ഷ വത്കരണത്തെ) പ്രതിരോധിക്കാന്‍ അതൊരു തരത്തലും സഹായകമാകുകയില്ല. യഥാര്‍ഥ ബി ജെ പിക്കാരെക്കാള്‍ അപകടകാരികളാണ് കോണ്‍ഗ്രസിനുള്ളിലെ ബി ജെ പിക്കാര്‍. ബി ജെ പി കേരളത്തിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇനിയും ശക്തിതെളിയിച്ചിട്ടില്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടിയോ അവകാശപ്പെടുന്നത് മനയ്ക്കലെ കുഞ്ഞുലക്ഷ്മി എന്ന ആനയുടെ ഗര്‍ഭത്തിനുപോലും ഉത്തരവാദി ഞമ്മളാണ് എന്നു പറഞ്ഞു നടക്കുന്ന എട്ടുകാലി മമ്മൂഞ്ഞിയുടെ അവകാശവാദത്തില്‍ കവിഞ്ഞു മറ്റൊന്നുമല്ല. കേരളത്തിലെ അനുഭവം വെച്ചു പറഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസനുഭാവികളുടെ മുഖ്യശത്രു കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. അവരുടെ വര്‍ഗബന്ധങ്ങളും (class relations)അധികാരാര്‍ഥിയും ആണ് അതിനുകാരണം. അഴിമതി അതേതു തരത്തിലുള്ളതായാലും അതിന് ഒരു തെറ്റും കാണാത്തതാണ് കോണ്‍ഗ്രസ് സംസ്‌കാരം. കഴിഞ്ഞ ഓരോ തിരഞ്ഞെടുപ്പുകളിലും ബി ജെ പി അവരുടെ വോട്ടുകള്‍ കമ്യൂണിസ്റ്റ് ഇതരസ്ഥാനാര്‍ഥികള്‍ക്കു വിറ്റതിന്റെ കൃത്യമായ കണക്ക് അവരുടെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കൈവശം ഉണ്ട്. ഇത്തരം ഒരു പിന്‍വാതില്‍ ബന്ധം ബി ജെ പിയുമായി വെച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മോദി സര്‍ക്കാറിനെ പുറത്താക്കാമെന്ന് സ്വപ്‌നം കാണുന്ന ബംഗാള്‍ സഖാക്കള്‍ ഏതോ മൂഢ സ്വര്‍ഗത്തിലാണ്. സ്വയംകൃതാനര്‍ഥം കൊണ്ട് അധികാരത്തില്‍ നിന്നു പുറത്തായ ബംഗാള്‍ പാര്‍ട്ടി അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കേണ്ടതിന് പകരം കേരളത്തിലെ പാര്‍ട്ടിയെ പഠിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ, ചേരിതിരിഞ്ഞു നടന്ന ചര്‍ച്ച. അതിന്റെ പേരില്‍ ആ പാര്‍ട്ടിയുടെ ആന്തരിക ഐക്യത്തിന് യാതൊരു പോറലും ഏല്‍ക്കാതെ ഒരു സമന്വയം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതിന്റെ പേരില്‍ പാര്‍ട്ടിക്കു പുറത്തുള്ള ഇടതുപക്ഷാനുഭാവികള്‍ പോലും ഉള്ളു തുറന്നാഹ്ലാദിക്കേണ്ടിയിരിക്കുന്നു. തീവ്ര ഹിന്ദുത്വത്തിന് ബദലല്ല മൃദു ഹിന്ദുത്വം. യഥാര്‍ഥ ബദല്‍ ഒരു ഇടതുപക്ഷ ഹിന്ദുത്വം ആണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനും ഒപ്പം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. ഈ തിരിച്ചറിവില്‍ നിന്നായിരിക്കണം സ്വാഭാവികമായ ഒരിടതുപക്ഷ ഐക്യം ഉരുത്തിരിഞ്ഞു വരേണ്ടത്. അതില്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനെന്നതുപോലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇടം ഉണ്ടായിരിക്കണം.

ഇനി അവശേഷിക്കുന്നത് ജനാധിപത്യവും മതേതരത്വവും ആണ്. ഇന്ത്യയുടെ ചരിത്രത്തില്‍ പോലും ഭൂരിപക്ഷം ആയിരിക്കണം ഭരണാധികാരം കൈയാളേണ്ടത് എന്ന അര്‍ഥത്തിലുള്ള ജനാധിപത്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. പല തട്ടുകളായി വിഭജിക്കപ്പെട്ട സമൂഹത്തില്‍ നിന്നും മുപ്പത്തഞ്ചോ നാല്‍പ്പത്തഞ്ചോ ശതമാനം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന പാര്‍ട്ടിക്ക് ഭരണാധികാരം കൈയാളാന്‍ പറ്റുന്നു. ഇത്തരം ഒരു കക്ഷിരാഷ്ട്രീയ കാലാവസ്ഥയില്‍ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു പോലും വ്യര്‍ഥമാണ്. കാലോചിതമായ ഒരു പുനര്‍ചിന്ത ജനാധിപത്യം എന്ന ആശയത്തെ കേന്ദ്രീകരിച്ചുണ്ടാകേണ്ടിയിരിക്കുന്നു. പാര്‍ട്ടി സ്ഥാപകനായ ഒരേ ഒരു നേതാവിന്റെ വാക്കുകള്‍ വേദവാക്യം ആയികൊണ്ടു നടക്കുന്ന പാര്‍ട്ടികള്‍ പോലും സ്വയം ജനാധിപത്യ കക്ഷികള്‍ എന്നു വിളിക്കുന്നു. ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള സൂത്രവാക്യം എന്ന നിലയില്‍ പരിഹാസ്യമായിരിക്കുന്നു.

പ്രമുഖ രാഷ്ട്രീയ ചിന്തകനായിരുന്ന എം എന്‍ റോയി ഈ കാര്യം നേരത്തെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ഇന്നത്തെ, പരോക്ഷ ജനാധിപത്യത്തിന് പകരം (പ്രാതിനിത്യജനാധിപത്യം) പ്രത്യക്ഷ ജനാധിപത്യം (direct democracy) എന്ന ആശയം അദ്ദേഹം ആവിഷ്‌കരിച്ചു. ഡെമോക്രസിയുടെ ശരിയായ മലയാള തര്‍ജമപോലും അല്ല ജനാധിപത്യം. ജനവാഴ്ച എന്നായിരുന്നെങ്കില്‍ അതു കൂടുതല്‍ ശരിയാകുമായിരുന്നു. പുരാതന ഗ്രീക്കു നഗര രാഷ്ട്രങ്ങളിലും ചില ന്യൂഇംഗ്ലണ്ട് പട്ടണയോഗങ്ങളിലും ഉണ്ടായിരുന്നതു പോലെ പൊതുജനം ഭരണത്തില്‍ നേരിട്ടു പങ്കാളിയാകുന്ന അവസ്ഥയില്‍ നിന്നാണ് ഈ ഡെമോക്രസി എന്ന ആശയം വളര്‍ന്നു വന്നത്. മധ്യകാല യൂറോപ്പിലെ ജാഞാനോദയ കാലത്ത് ഈ ആശയം കൂടുതല്‍ വികാസം പ്രാപിച്ചു. അമേരിക്കന്‍ ഫ്രഞ്ചു വിപ്ലവങ്ങളും ഈ ദര്‍ശനത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നു. പ്രായോഗികതയെ മുന്‍നിര്‍ത്തി ഡയറക്റ്റ് ഡെമോക്രസിക്കു പകരം, ഇന്‍ഡയറക്റ്റ് ഡെമോക്രസിക്കു കൂടുതല്‍ അര്‍ഥവ്യാപ്തി ലഭിച്ചു. ഇന്നു ജനാധിപത്യമെന്നാലര്‍ഥമാക്കുന്നത് ആഗോള പൊതുജനാഭിപ്രായം, പദവികള്‍ക്കു വേണ്ടിയുള്ള മത്സരം, അഭിപ്രായ സ്വാതന്ത്ര്യം, പത്രമാധ്യമങ്ങള്‍, നിയമവാഴ്ച എന്നിവയാണെന്നും വന്നിരിക്കുന്നു.

ജനാധിപത്യത്തെകുറിച്ചു ആഴത്തിലുള്ള ഇത്തരം ചര്‍ച്ചകള്‍ സജീവമാക്കുന്നതോടെ മതേതരത്വം(secularism) വേറിട്ട ചര്‍ച്ചാവിഷയമാക്കേണ്ടതായിപോലും വരുന്നില്ല. മതം-മതേതരത്വം ഇങ്ങനെ വെള്ളം കടക്കാത്ത അറകളായി സമൂഹത്തെ വേര്‍തിരിക്കേണ്ട കാര്യമൊന്നുമില്ല. രാഷ്ട്രത്തിന്റെ ദൈനംദിന വ്യവഹാരത്തില്‍ ജനഹിതത്തിനും പൊതു താത്പര്യങ്ങള്‍ക്കും അപകടകരമായി യാതൊന്നും സംഭവിക്കാത്ത അവസ്ഥ സംജാതമാകുമ്പോള്‍ മതം അതിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള യതാര്‍ഥ സ്ഥാനങ്ങളിലേക്കു മടങ്ങിപൊയ്‌ക്കൊള്ളും. അതിനു വിപരീതമായ അവസ്ഥ ഉണ്ടാകുമ്പോള്‍ മതത്തിന് മദംപൊട്ടുക എന്ന അപകടം സംജാതമാകും അതാണിന്നത്തെ ഇന്ത്യയില്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ “ഇടതുപക്ഷം ജനാധിപത്യം മതേതരത്വം” എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യത്തോടു സഹകരിക്കുകയാണ് ബി ജെ പിയെ പ്രതിരോധിച്ചേ മതിയാകൂ എന്ന വാശിയുള്ള മറ്റു പാര്‍ട്ടികളും ചെയ്യേണ്ടത്.

 

Latest