International
ഫലസ്തീന്‍ ഗവേഷകന്‍ വെടിയേറ്റു മരിച്ച സംഭവം: പങ്ക് നിഷേധിച്ച് മലേഷ്യയിലെ ഫലസ്തീന്‍ എംബസി

ക്വലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ ഫലസ്തീന്‍ ഗവേഷകന്‍ ഫാദി അല്‍ബാത്ഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ പങ്കില്ലെന്ന് മലേഷ്യയിലെ ഫലസ്തീന്‍ എംബസി. മലേഷ്യയിലെ ഫലസ്തീന്‍ എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വധത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണെന്നും വിദേശ ചാര സംഘടനകളുമായി ബന്ധമുള്ള യൂറോപ്യന്‍ ആളുകളാണ് ഫാദി അല്‍ബാത്ഷിന്റെ കൊലക്ക് പിന്നിലെന്നും മലേഷ്യ നേരത്തെ ആരോപിച്ചിരുന്നു. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് കൊലപാതകത്തിന് പിന്നിലെന്ന് ഫാദി അല്‍ബാത്ഷിന്റെ കുടുംബാംഗങ്ങളും ആരോപിച്ചിട്ടുണ്ട്. സുബ്ഹി നിസ്‌കാരത്തിന് പോകുമ്പോള്‍ രണ്ട് അക്രമികള്‍ മറഞ്ഞിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ഫാദി അല്‍ബാത്ഷ് ഹമാസ് അംഗവുമായിരുന്നു.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് മലേഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിലെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ചാര സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണത്തോട് ഇസ്‌റാഈല്‍ പ്രതികരിച്ചില്ല.
എന്നാല്‍ ഹമാസിനുള്ളില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ സംഭവമുണ്ടായ പശ്ചാത്തലത്തില്‍ വ്യക്തമാക്കിയിരുന്നു.