രാജസ്ഥാനില്‍ വീണ്ടും ഗുജ്ജാര്‍ പ്രക്ഷോഭം

സംവരണം ആവശ്യപ്പെട്ട് മെയ് 15 മുതല്‍ പ്രക്ഷോഭം
Posted on: May 8, 2018 6:12 am | Last updated: May 7, 2018 at 11:47 pm

ജയ്പൂര്‍: സംവരണ വിഷയത്തില്‍ ഈ മാസം 15 മുതല്‍ വീണ്ടും പ്രക്ഷോഭം നടത്താന്‍ രാജസ്ഥാനിലെ ഗുജ്ജാര്‍ സമുദായം. ഒ ബി സിയുടെ 21 ശതമാനം സംവരണം വിഭജിച്ചതിന് ശേഷമുള്ള 50 ശതമാനത്തില്‍ അഞ്ച് ശതമാനം കൂടുതല്‍ പിന്നാക്ക വിഭാഗത്തിന് (എം ബി സി) നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഈ ആവശ്യം ഉന്നയിച്ച് ഗുജ്ജാറുകളുടെ ആരക്ഷണ്‍ സംഘര്‍ഷ് സമിതി സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് ഗുജ്ജാര്‍ നേതാക്കള്‍ പറഞ്ഞു. ആവശ്യം നിറവേറ്റുന്നത് വരെ സമരം നടത്തും. സമരമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഗുജ്ജാര്‍ നേതാവ് കേണല്‍ കിരോരി സിംഗ് ബൈന്‍സ്ല പറഞ്ഞു. മെയ് 15ന് ബയാനയിലെ അദ്ദ ഗ്രാമത്തിലാണ് സമരം നടത്തുക. അന്നേദിവസം മഹാപഞ്ചായത്തും നടത്തും. ഒ ബി സി ക്വാട്ട വിഭജിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് പഠിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രോഹിണി കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നേതാക്കള്‍ ആവശ്യപ്പെട്ടു.